കോഴിക്കോട് കൂളിമാട് സ്വദേശികളായ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചേലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാൻ (22) ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് സഹോദരങ്ങളായ തസ്നീം, തൻസീൽ എന്നിവരെ ഇയാൾ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായിട്ടായിരുന്നു അയൽവാസികളായ സഹോദരങ്ങൾക്ക് നേരെ ആക്രമണം. സഹോദരനെ മർദിച്ചതിന്റെ പ്രതികാരം തീർക്കാനെത്തിയ യുവാക്കളെയാണ് ഇർഫാൻ കാർ ഉപയോഗിച്ച് ഇടിച്ചത്. ഇവരുടെ സഹോദരനായ തൻസിഫ് (21)യുമായി ഉണ്ടായ സാമ്പത്തിക തർക്കത്തെ തുടർന്ന് ഇർഫാൻ വീട്ടിൽ കയറി മർദിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു.







