കോഴിക്കോട്: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. രാവിലെ 8.15ഓടെയാണ് വിമാനം ഇറങ്ങിയത്. നിശ്ചയിച്ച സമയത്തേക്കാൾ ഏകദേശം അരമണിക്കൂർ മുമ്പ് എത്തിയതായി യാത്രക്കാർ പറഞ്ഞു. സർവീസ് തൃപ്തികരമാണെന്നുമാണ് യാത്രക്കാരുടെ പ്രതികരണം.
ഇപ്പോൾ സർവീസ് നടത്തുന്നിരിക്കുന്നത് സൗദി എയർലൈൻസിന്റെ ചെറിയ വിമാനമാണെന്ന് അധികൃതർ അറിയിച്ചു. ഭാവിയിൽ വലിയ വിമാനങ്ങൾ കരിപ്പൂരിലേക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമ്മർദം തുടരുമെന്ന് മലബാർ ഡെവലപ്‌മെന്റ് ഫോറം ഭാരവാഹികൾ വ്യക്തമാക്കി.
മലബാർ മേഖലയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ ഈ സർവീസ് സഹായകരമാകുമെന്നാണ് പ്രതീക്ഷ. കോൽക്കളി, അറബനമുട്ട്, ശിങ്കാരിമേളം തുടങ്ങിയ കലാപ്രകടനങ്ങളോടെയാണ് നാട്ടുകാർ വിമാനത്തെ വരവേറ്റത്.







