കെ.എസ്.ഇ.ബി ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജിൽ ഇളവ് ലഭിക്കും. പ്രതിമാസ ബില്ലിംഗ് ലഭിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് ഈ മാസം ഇന്ധന സർചാർജ് ഈടാക്കില്ല. ദ്വൈമാസ ബില്ലിംഗ് ഉപഭോക്താക്കളിൽ നിന്ന് യൂണിറ്റിന് 4 പൈസ മാത്രമായിരിക്കും സർചാർജ് ഈടാക്കുക. ജനുവരിയിൽ ഇത് യഥാക്രമം 8 പൈസയും 7 പൈസയുമായിരുന്നു. നിരക്ക് കുറഞ്ഞതിനാൽ ഫെബ്രുവരി മാസത്തിലെ വൈദ്യുതി ബില്ലിൽ കുറവുണ്ടാകും.
കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ 2023 മേയ് 29ന് പുറപ്പെടുവിച്ച KSERC Terms and Conditions of Tariff (Amendment) Regulations പ്രകാരം, 2023 ഏപ്രിൽ മുതൽ ഇന്ധനവിലയിലെ മാറ്റങ്ങളാൽ വൈദ്യുതി വാങ്ങൽ ചെലവിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ പ്രതിമാസ ഇന്ധന സർചാർജായി ഉപഭോക്താക്കളിലേക്ക് കൈമാറാൻ വിതരണ ലൈസൻസികൾക്ക് അനുമതി നൽകിയിട്ടുണ്ട്.
ഇതനുസരിച്ച് ഡിസംബർ മാസത്തിലെ വൈദ്യുതി വാങ്ങൽച്ചെലവിലെ വർധന കണക്കിലെടുത്താണ് ഫെബ്രുവരി മാസത്തിലെ ഇന്ധന സർചാർജ് നിരക്ക് നിർണയിച്ചിരിക്കുന്നത്.







