ജില്ലയിലെ മുഴുവന്‍ നവകേരള സദസ്സ് പ്രവൃത്തികള്‍ക്കും സര്‍ക്കാറില്‍നിന്ന് ഭരണാനുമതി ലഭ്യമായതായും ഇതില്‍ 16 എണ്ണത്തിന്റെ കരാര്‍ പ്രവൃത്തികള്‍ ആരംഭിച്ചതായും ജില്ലാ വികസന സമിതി യോഗം അറിയിച്ചു. 91 കോടി രൂപയുടെ 23 പദ്ധതികളില്‍ 19 എണ്ണത്തിനാണ് സാങ്കേതികാനുമതി ലഭ്യമായത്. ജില്ലയിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെയും വികസന പ്രവൃത്തികളും യോഗത്തില്‍ പരിശോധിച്ചു.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വകുപ്പുകളില്‍ ഉദ്യോഗസ്ഥരില്ലാത്തത് എം.എല്‍.എ ഫണ്ട് പ്രവൃത്തികള്‍ പതുക്കെയാവാന്‍ കാരണമായതായും ഇതില്‍ ഇടപെടല്‍ വേണമെന്നും കെ കെ രമ എം.എല്‍.എ ആവശ്യപ്പെട്ടു. വടകര ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ട് ഇല്ലാത്ത പ്രശ്‌നം പരിഹരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ആവിക്കല്‍ തോട് നവീകരണം വേഗത്തിലാക്കാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ നിര്‍ദേശിച്ചു. കാരപ്പറമ്പ്-ബാലുശ്ശേരി റോഡ് പ്രവൃത്തിയുടെ ഭാഗമായുള്ള നഷ്ടപരിഹാരത്തുക വേഗത്തില്‍ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നിര്‍മാണ പ്രവൃത്തികളുടെ സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ച് നടപടികള്‍ വേഗത്തിലാക്കണമെന്ന് ടി പി രാമകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പി ടി എ റഹീം എം.എല്‍.എ നിര്‍ദേശം നല്‍കി.
കലക്ടറേറ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, സബ് കലക്ടര്‍ എസ് ഗൗതം രാജ്, എ ഡി എം സി മുഹമ്മദ് റഫീഖ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ആര്‍ രത്‌നേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.







