ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഗോവർധൻ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അദ്ദേഹം സുപ്രീകോടതിയുടെ സഹായം തേടിയത്. താൻ അയ്യപ്പന്റെ കടുത്ത ഭക്തനാണെന്നും സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട യാതൊരു കുറ്റകൃത്യത്തിലും പങ്കാളിയല്ലെന്നുമാണ് ഗോവർധൻ ജാമ്യഹർജിയിൽ അവകാശപ്പെടുന്നത്. കർണാടകയിലെ ബെല്ലാരിയിൽ ജ്വല്ലറി ഉടമയായ ഗോവർധനെ, മോഷ്ടിച്ച സ്വർണം വാങ്ങിയെന്നാരോപിച്ചാണ് പ്രത്യേക അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തത്.
തട്ടിയെടുത്ത സ്വർണം വാങ്ങിയെന്ന പേരിൽ എസ്‌ഐടി തന്റെ പക്കൽ നിന്ന് ഏകദേശം 474.97 ഗ്രാം സ്വർണം ബലമായി പിടിച്ചെടുത്തുവെന്നും സ്വർണത്തിന് നൽകേണ്ട പണം 2019-ൽ തന്നെ കൃത്യമായി കൈമാറിയിട്ടുണ്ടെന്നും ഗോവർധൻ കോടതിയെ അറിയിച്ചു. താൻ ഒരു ഭക്തനാണെന്നതിന് തെളിവായി 2.7 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണഹാരം മാളികപ്പുറത്തമ്മയ്ക്ക് സമർപ്പിച്ചത് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പോലീസ് നടപടികൾ നിയമവിരുദ്ധമാണെന്നും തനിക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് ഗോവർധൻ ആവശ്യപ്പെട്ടത്.







