ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് നാളെ രാവിലെ 11 മണിക്ക് അവതരിപ്പിക്കും. വളർച്ചാ നിരക്കിൽ ഇടിവുണ്ടാകുമെന്നും, പണപ്പെരുപ്പം അടുത്ത സാമ്പത്തിക വർഷത്തിൽ ഉയരുമെന്നുമുള്ള സാമ്പത്തിക സർവേ മുന്നറിയിപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്നാട്, ബംഗാൾ ഉൾപ്പെടെ സംസ്ഥാനങ്ങൾക്കും ബജറ്റിൽ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.
തുടർച്ചയായ 9-ാം തവണയാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ജിഡിപി വളർച്ചയിൽ ഇടിവുണ്ടാകുമെന്ന് സാമ്പത്തിക സർവേ പ്രവചിക്കുമ്പോൾ അതിനനുസൃതമായ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾക്കൊള്ളിക്കണം. നടപ്പ് വർഷം 7.4 ശതമാനം കണക്കാക്കുന്ന വളർച്ചാ നിരക്ക് സാമ്പത്തിക വർഷത്തിൽ 6.8 മുതൽ 7.2 ശതമാനം വളർച്ച മാത്രമാകും കൈവരിക്കുക എന്നാണ് സാമ്പത്തിക സർവേ മുന്നേറിയിപ്പ്.
അതേസമയം രാജ്യത്തെ ആരോഗ്യ മേഖലയ്ക്കുള്ള വിഹിതം ഇരട്ടിയാക്കണമെന്ന ശക്തമായ ആവശ്യവുമായി ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മയായ ജൻ സ്വാസ്ഥ്യ അഭിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.







