ചേമഞ്ചേരി : ഗ്രാമപഞ്ചായത്തിലെ ഭരണകാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണവുമായി വിദ്യാർത്ഥികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനെ തേടിയെത്തി. ചേമഞ്ചേരി യു.പി സ്കൂളിലെ സോഷ്യൽ ക്ലബ്ബ് അംഗങ്ങളാണ് ചേമഞ്ചേരി ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് അജയ് ബോസുമായി അഭിമുഖം നടത്തിയത്.
ജനാധിപത്യ സംവിധാനവും പ്രാദേശിക ഭരണത്തിന്റെ പ്രവർത്തനരീതിയും കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
അഭിമുഖത്തിൽ പഞ്ചായത്തിന്റെ ഘടന, ഭരണ ചുമതലകൾ, വികസന പദ്ധതികളുടെ രൂപീകരണം, ജനക്ഷേമ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് പ്രസിഡണ്ട് വിശദീകരിച്ചു. ശുദ്ധജല വിതരണം, റോഡുകളുടെ വികസനം, ആരോഗ്യ–വിദ്യാഭ്യാസ സേവനങ്ങൾ, മാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾ ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളും പങ്കുവച്ചു.
ഭരണം ജനകീയ പങ്കാളിത്തത്തിലൂടെയാണ് മുന്നേറേണ്ടതെന്നും ഗ്രാമസഭകളും ജനകീയ കമ്മിറ്റികളും, പദ്ധതി നിർവ്വഹണ പ്രക്രിയയിലെ പ്രധാന ഘടകമാണെന്നും പ്രസിഡണ്ട് കുട്ടികളെ ഓർമ്മിപ്പിച്ചു.
നല്ല പൗരന്മാരായി വളരാനും സമൂഹത്തിന്റെ പുരോഗതിയിൽ സജീവമായി ഇടപെടാനും കുട്ടികളെ പ്രോത്സാഹിപ്പിച്ചു. പഞ്ചായത്ത്തല ഭരണത്തെക്കുറിച്ചുള്ള ഈ അഭിമുഖം കുട്ടികൾക്ക് അറിവും അനുഭവവും പകർന്ന ഒരു പഠനാവസരമായി മാറി. കുട്ടികളിൽ ജനാധിപത്യ ബോധവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്നതിനു ഇത്തരം പരിപാടികൾ ഗുണകരമാണ്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈദ കബീർ, മെമ്പർമാരായ പി.പി ശ്രീജ, ശ്രീജ കണ്ടിയിൽ , ബൽക്കീസ് മുസ്തഫ , ഹാരിസ് പി എന്നിവരുമായും സംവദിച്ചു.
അധ്യാപകരായ ആസിഫ് കലാം, റലീഷബാനു, നസീറ എ.കെ.എസ് സോഷ്യൽ ക്ലബ്ബ് കൺവീനർ ആയിഷ മറിയം തുടങ്ങിയവർ നേതൃത്വം നൽകി.






