ബയോമെഡിക്കൽ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം. തുടക്കത്തിനായി സി എസ് ഐ ആർ – നിസ്റ്റും അങ്കമാലിയിലെ സ്റ്റാർട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷൻസും കൈകോർത്തു. ആശുപത്രി മാലിന്യം മണ്ണാക്കി മാറ്റുകയാണ് പുതിയ സാങ്കേതിക വിദ്യയിലൂടെ ചെയ്യുന്നത്. ലോകത്തിലാദ്യമായി ബയോമെഡിക്കൽ മാലിന്യങ്ങളെ കാർഷികാവശ്യങ്ങൾക്ക് ഉതകുന്ന മണ്ണിന് പകരമുള്ള വസ്തുവാക്കി മാറ്റുന്നതിനുള്ള പേറ്റന്റ് ലഭിച്ച സാങ്കേതികവിദ്യ കൈമാറുന്ന ചടങ്ങ് തിരുവനന്തപുരം പാപ്പനംകോടുള്ള സി എസ് ഐ ആർ-നിസ്റ്റ് ക്യാമ്പസിൽ നടന്നു.
വെറും പതിനഞ്ച് മിനിറ്റുകൾക്കുള്ളിൽ ഒരു കിലോ മെഡിക്കൽ മാലിന്യത്തെ കൃഷിയ്ക്ക് അനുയോജ്യമായ സോയിൽ അഡിറ്റീവായി മാറ്റാൻ സാധിക്കുന്ന സാങ്കേതികവിദ്യയാണ് കാഴ്ചവെച്ചത്. സി എസ് ഐ ആർ സെക്രട്ടറിയും സി എസ് ഐ ആർ ഡയറക്ടർ ജനറലുമായ ഡോ. എൻ. കലൈസെൽവി, ബയോ വസ്തും സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർ ഡോ. ജോഷി വർക്കിയ് ക്ക് സാങ്കേതികവിദ്യ കൈമാറ്റ കരാർ ഔദ്യോഗികമായി നൽകി. തിരുവനന്തപുരം നിസ്റ്റ് ഡയറക്ടർ ഡോ. സി. ആനന്ദരാമകൃഷ്ണൻ, സി എസ് ഐ ആർ ബിസിനസ് ഡെവലപ്മെന്റ് വിഭാഗം മേധാവി ഡോ. നിഷി, ഇന്നൊവേഷൻ സെന്റർ മേധാവി ഡോ. ശ്രീജിത്ത് ശങ്കർ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഇത്തരത്തിൽ ഉൽപ്പാദിപ്പിക്കുന്ന മണ്ണിന്റെ ഗുണനിലവാരം വിവിധ കാർഷിക സർവ്വകലാശാലകളിലും നടത്തിയ പഠനങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്.







