റിപ്പബ്ലിക് ദിനാഘോഷത്തിന് വേറിട്ട മാതൃകയുമായി എരവട്ടൂർ ജനകീയ വായനശാല. ഭരണഘടനാ സാക്ഷരതയും വായനയുടെ പ്രസക്തിയും ജനങ്ങളിലെത്തിക്കുന്നതിനായി സംഘടിപ്പിച്ച ‘അക്ഷര കരോൾ’ ശ്രദ്ധേയമായി. നാടിന്റെ വിജ്ഞാനദാഹം തീർക്കുന്നതിൽ ഗ്രന്ഥശാലകൾ വഹിക്കുന്ന പങ്ക് വിളിച്ചോതുന്നതായിരുന്നു ഈ ജനകീയ കൂട്ടായ്മ. ഭരണഘടനയുടെ പ്രാധാന്യം ഓരോ പൗരനിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ വീടുകളിൽ ഭരണഘടനയുടെ ആമുഖം (Preamble) വിതരണം ചെയ്തു. വായനയുടെയും ലൈബ്രറികളുടെയും സാംസ്കാരിക പ്രസക്തി വ്യക്തമാക്കുന്ന ‘അക്ഷരഗീതം’ പ്രവർത്തകർ കരോളായി ആലപിച്ചു.
വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടന്ന റിപ്പബ്ലിക് ദിന സന്ദേശ റാലിയിൽ നൂറുകണക്കിന് ആളുകൾ അണിനിരന്നു. എരവട്ടൂർ കനാൽമുക്ക് പാർക്കിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പൊതുപ്രവർത്തകൻ പി. ബാലനടിയോടി നിർവ്വഹിച്ചു. വായനശാല പ്രസിഡന്റ് ടി.എം. ബാലകൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ. രാമകൃഷ്ണൻ മാസ്റ്റർ ഭരണഘടനാ സന്ദേശം ചൊല്ലിക്കൊടുത്തു. കെ.കെ. പ്രേമൻ, വായനശാല സെക്രട്ടറി പി.ജി. ഗണേശൻ, വൈസ് പ്രസിഡന്റ് വിജി ബാബു എന്നിവർ സംസാരിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.







