വടകര പാർലമെന്റ് മണ്ഡലത്തിൽ ഷാഫി പറമ്പിൽ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് (MPLADS) ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ അവലോകന യോഗം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പദ്ധതികളുടെ പുരോഗതി വിലയിരുത്തി.
ഓരോ വർഷവും 4.90 കോടി രൂപ വീതം 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിലായി ആകെ 9.80 കോടി രൂപയാണ് മണ്ഡലത്തിന് അനുവദിച്ചിട്ടുള്ളത്. ഇതിൽ 9.72 കോടി രൂപയുടെ പ്രവൃത്തികൾക്കായി എം.പി. ശുപാർശ നൽകിക്കഴിഞ്ഞു.
2024-25 വർഷത്തിൽ 4.50 കോടി രൂപയുടെ 114 പദ്ധതികളും, 2025-26 വർഷത്തിൽ 5.22 കോടി രൂപയുടെ 98 പദ്ധതികളും ഉൾപ്പെടെ ആകെ 212 പ്രവൃത്തികളാണ് സമർപ്പിച്ചിട്ടുള്ളത്. ഇതുവരെ 55 പദ്ധതികൾ പൂർത്തീകരിച്ചു. ഇതിനായി 1,57,50,000 രൂപ വിനിയോഗിച്ചു. നിലവിൽ 55 ലക്ഷം രൂപയുടെ 22 പ്രവൃത്തികൾ പുരോഗമിക്കുന്നു.
വയനാട്, വിലങ്ങാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി എം.പി ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ കൈമാറി. ഇതോടെ ആകെ വിനിയോഗിച്ച തുക 2,07,50,000 രൂപയായി.
പ്രധാന നേട്ടങ്ങൾ:
മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്ത വകയിൽ 20 ലക്ഷം രൂപയും, വിവിധ സ്കൂളുകൾക്കും ബഡ്‌സ് സ്കൂളുകൾക്കും വാഹനങ്ങൾ ലഭ്യമാക്കിയ ഇനത്തിലും തുക ചെലവഴിച്ചു. കൂടാതെ, മണ്ഡലത്തിൽ ഹൈമാസ്റ്റ് – ലോ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി 60 ലക്ഷം രൂപയും അനുവദിച്ചു.
യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ രത്നേഷ്, എം.പി.യുടെ സെക്രട്ടറി കെ. പ്രദീപൻ എന്നിവർ പങ്കെടുത്തു. ശുപാർശ ചെയ്ത ബാക്കി പ്രവൃത്തികൾ വേഗത്തിൽ നടപ്പിലാക്കാൻ ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.







