കോഴിക്കോട്: ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ മരിച്ച യുവതിയുടെ ഡയറിയിൽ നിർണായക വിവരങ്ങൾ. 16 വയസുമുതൽ യുവതി പീഡനത്തിന് ഇരയായിരുന്നുവെന്നും വൈശാഖനുമായുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന കുറിപ്പുകളുമാണ് ഡയറിയിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ പോക്സോ വകുപ്പ് കൂടി ചേർത്തു.പ്രതി വൈശാഖനെ അന്വേഷണ സംഘം അഞ്ച് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെടും. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകുക ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലാണ് കൊലപാതകം നടത്തിയതെന്ന് വൈശാഖൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
ജോലി സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ആത്മഹത്യയുടെ നാടകമൊരുക്കി യുവതിയെ കൊലപ്പെടുത്തിയതായും, തുടർന്ന് ലൈംഗിക പീഡനം നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഈ മാസം 24നാണ് യുവതിയെ വൈശാഖന്റെ ഇൻഡസ്ട്രിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.







