ചേമഞ്ചേരി പഞ്ചായത്തിലെ തോരായിക്കടവ് എസ്.സി. ഉന്നതി നിവാസികളുടെ ദീർഘകാലമായുള്ള വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. ഷാഫി പറമ്പിൽ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 9 ലക്ഷം രൂപയുടെ പദ്ധതിക്ക് ജില്ലാ കളക്ടറുടെ ഭരണാനുമതി ലഭിച്ചു.
നാല്, അഞ്ച് വാർഡുകളിലായി സ്ഥിതി ചെയ്യുന്ന ഉന്നതിയിലെ വൈദ്യുതി ലൈനുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി 8 ലക്ഷം രൂപയും, പ്രദേശത്ത് കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനായി 1 ലക്ഷം രൂപയുമാണ് വിനിയോഗിക്കുന്നത്. നിലവിലുള്ള സിംഗിൾ ഫേസ് ലൈനുകൾ ത്രീ ഫേസ് ലൈനുകളിലേക്ക് മാറ്റുന്നതോടെ ഉന്നതിയിലെ വോൾട്ടേജ് ക്ഷാമത്തിന് പൂർണ്ണമായ പരിഹാരമാകും.
വോൾട്ടേജ് കുറവ് മൂലം പ്രദേശത്തെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉന്നതി നിവാസികൾക്ക് വേണ്ടി കൺവീനർ എം.കെ. ബാലകൃഷ്ണൻ എം.പി.ക്ക് നിവേദനം നൽകിയിരുന്നു. പദ്ധതി നടപ്പിലാക്കാൻ കെ.എസ്.ഇ.ബി. സാമ്പത്തിക പ്രയാസം അറിയിച്ചതിനെത്തുടർന്നാണ് ഷാഫി പറമ്പിൽ എം.പി. തന്റെ വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചത്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ ഉന്നതിയിലെ അമ്പതോളം കുടുംബങ്ങൾക്കാണ് നേരിട്ട് പ്രയോജനം ലഭിക്കുക. പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു ചുവടുവെപ്പാണ് ഇതെന്ന് എം.പി. ഓഫീസ് അറിയിച്ചു.






