ചരിത്രാതീത കാലം മുതൽ മനുഷ്യരാശി സ്വരുക്കൂട്ടിയ സ്വപ്നങ്ങൾ മങ്ങിപ്പോയ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇന്ത്യയിലുമതേ, കഴിഞ്ഞ നൂറ്റാണ്ടിലാണല്ലോ ഇന്ത്യ എന്ന ആശയം ശക്തിപ്പെട്ടതും ആ ആശയത്തിനു മീതെ മനുഷ്യർ സമരും സന്തുഷ്ടരുമായ ഒരു രാഷ്ട്രം നാം സ്വപ്നം കണ്ടതും. ഒരുപാട് സ്വപ്നങ്ങൾ ഒരുപാട് ഭാവനകൾ അതിനു ചുറ്റും നാം നെയ്തെടുക്കുകയുമുണ്ടായി. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനവും അതിനോടൊപ്പം വളർന്നു വികസിച്ച ലിബറൽ – ജനാധിപത്യ – ഇടതു – സമത്വബോധവും പുതിയ പ്രതീക്ഷകൾ ഉണർത്തി. വിഭാഗീയതകളെ ഒരൊറ്റ ജനത എന്ന ബോധത്തോടെ നാം മറികടക്കാൻ ശ്രമിച്ചു. എന്നാൽ ഇരുപതാം നൂറ്റാണ്ടിൻ്റെ സായാഹ്നത്തിൽ രാഷ്ട്രത്തിൻ്റെ മനസ്സിൽ ഇരുട്ടു പരക്കാൻ തുടങ്ങി. അതുവരെ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ ഓരോന്നായി കൈവിടാൻ തുടങ്ങി. രാഷ്ട്രീയ രംഗത്താണ് ആ മൂല്യച്യുതികൾ കൂടുതലായി ബാധിച്ചത്. സാംസ്കാരിക രംഗം വേണ്ടത്ര ജാഗ്രതയിലല്ലാതിരുന്നതിനാൽ ആ വീഴ്ചയുടെ ആഘാതം വലുതായിരിക്കുന്നു, നാം ഉണർന്നേ പറ്റൂ. ഒരു സാംസ്കാരിക പ്രതിപക്ഷത്തിന് ഈ സാഹചര്യത്തിൽ ഫലപ്രദമായി പ്രവർത്തിക്കാനാകും. ഓരോ പ്രദേശത്തുമുണ്ടാകേണ്ട ഈ ജാഗ്രതയാണ് കൊയിലാണ്ടിയിൽ ശ്രദ്ധ സാമൂഹിക പാഠശാല കൈക്കൊള്ളുന്നത്. സാംസ്കാരികവും – സാമൂഹികവും – രാഷ്ട്രീയവുമായ വിഷയങ്ങളെ സാധാരണ മനുഷ്യരുമായി വിനിമയം ചെയ്ത് നാടിൻ്റെ ജനാധിപത്യ ബോധത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ശ്രദ്ധ ചെയ്തു കൊണ്ടിരിക്കുന്നത്. അതിൻ്റെ ഭാഗമായാണ് ക്യൂ – ഫെസ്റ്റും ഫെസ്റ്റിവൽ ഓഫ് ഡമോക്രസിയും.
നാളെ ജനവരി 24 ശനിയാഴ്ച രാവിലെ 10 മണിക്ക്, കൊയിലാണ്ടി ടൗൺ ഹാളിൽ, പ്രശസ്ത ആർട്ടിസ്റ്റും ആർട്ട് ക്യൂറേറ്ററുമായ റിയാസ് കോമു പത്തു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുന്നതോടെ ക്യു – ഫെസ്റ്റ് ആരംഭിക്കും. ഉദ്ഘാടനശേഷം സമകാലിക ഇന്ത്യ: രാഷ്ട്രീയം ജനാധിപത്യം എന്ന വിഷയത്തെ അധികരിച്ച് നടത്തുന്ന ടേബിൾ ടോക്കിൽ മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനും ഹിന്ദുസ്ഥാൻ ടൈംസിൻ്റെ പത്രാധിപരുമായ അമൃത് ലാൽ, റിയാസ് കോമു, പ്രശസ്ത എഴുത്തുകാരായ കൽപ്പറ്റ നാരായണൻ, സി എസ് വെങ്കിടേശ്വരൻ, എൻ ഇ ഹരികുമാർ എന്നിവർ സംബന്ധിക്കും.
ഫിബ്രവരി 1 വരെ നീണ്ടുനിൽക്കുന്ന പുസ്തകോത്സവത്തിൽ നൂറിലേറെ പ്രസാധകരുടെ പതിനായിരത്തിൽപ്പരം പുസ്തകങ്ങൾ (മലയാളം, ഇംഗ്ലീഷ്, ) ലഭ്യമാക്കുന്നുണ്ട്. 26 ന് വൈകുന്നേരം 4 മണിക്കാണ് Festival of Democracy യുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന പൊതു പരിപാടികൾ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. തുടർന്ന് എല്ലാ ദിവസങ്ങളിലും വൈകീട്ട് സെമിനാറുകൾ, നാടകങ്ങൾ, ചിത്ര – സംഗീത – കലാവതരണങ്ങൾ ഉണ്ടാകും.







