പത്തനംതിട്ട: സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര്‍ രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി). രണ്ട് തവണ പാളികൾ കൊണ്ടുപോയ സംഭവങ്ങളിലും തന്ത്രിക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് എസ്‌ഐടി വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തന്ത്രിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരുന്നു. തന്ത്രിയുടെ ജാമ്യഹരജി ഈ മാസം 28നാണ് കോടതി പരിഗണിക്കുക.
ദ്വാരപാലക ശിൽപം കൊണ്ടുപോയി അതിൽ നിന്നുള്ള സ്വർണം ഉരുക്കി കവർന്ന കേസിലും കട്ടിളപ്പാളികൾ കൊണ്ടുപോയ കേസിലുമാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ കണ്ഠരര്‍ രാജീവര്‍ ഒത്താശ ചെയ്തതായാണ് ആദ്യ കേസിലെ എസ്‌ഐടിയുടെ റിമാൻഡ് റിപ്പോർട്ട്. താന്ത്രിക വിധികൾ ലംഘിച്ചാണ് പോറ്റിക്ക് തന്ത്രി ഒത്താശ ചെയ്തതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
തന്ത്രിയും പോറ്റിയും തമ്മിൽ 2007 മുതൽ ബന്ധമുണ്ടെന്നും ഇരുവരും തമ്മിൽ നിരവധി തവണ സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെയും തെളിവുകൾ എസ്‌ഐടി ശേഖരിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പത്മകുമാറിന്റെയും ഗോവർദ്ധനന്റെയും മൊഴികളാണ് രാജീവരരുടെ അറസ്റ്റിലേക്ക് നയിച്ചത്. ഈ മൊഴികൾ സാധൂകരിക്കുന്ന തെളിവുകളും എസ്‌ഐടി ശേഖരിച്ചിട്ടുണ്ട്.







