സിനിമാ സ്റ്റൈലിൽ കളമശ്ശേരിയിൽ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ അടിച്ച് മോഷണം നടത്തിയ സഹോദരങ്ങളായ മലപ്പുറം സ്വദേശികളായ തോമസ്, മാത്യു എന്നിവർ പിടിയിൽ. സ്വർണ്ണമെന്ന് കരുതി പ്രതികൾ മോഷ്ടിച്ചത് മോഡലിനായി വെച്ച മാല ആയിരുന്നു.
പൂക്കാട്ടുപടി റോഡിലുള്ള സാറാ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന സ്ഥാപനത്തിൽ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പുത്തംകുരിശ് ഭാഗത്തുനിന്ന് മോഷ്ടിച്ച ബൈക്കുമായാണ് പ്രതികൾ കവർച്ചയ്‌ക്കെത്തിയത്. ജ്വല്ലറിക്കുള്ളിൽ കയറിയ തോമസ് ഉടമയായ ബിന്ദുവിന്റെ മുഖത്തേക്ക് പെപ്പർ സ്പ്രേ അടിക്കുകയായിരുന്നു. തുടർന്ന് കണ്ണ് കാണാൻ കഴിയാത്ത അവസ്ഥയിലായ ഉടമയെ തള്ളിമാറ്റി ഷെൽഫിലുണ്ടായിരുന്ന മാലകളുമായി സംഘം കടന്നുകളഞ്ഞു.
എണ്ണായിരം രൂപയോളം വിലവരുന്ന മോഡലിനായി വെച്ച മാലകളാണ് ഇവർ കവർന്നത്. മോഷണത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു വാഹനവുമായി ഇടിച്ച് ബൈക്ക് മറിഞ്ഞു. ഇതോടെ രണ്ടുപേരും രണ്ടു വഴിക്ക് ഓടിയെങ്കിലും തോമസിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു.







