കേന്ദ്ര സർക്കാറിൻ്റെ പുതുക്കിയ മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം, ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ വരെ അധികാരമുണ്ട്. ഈ ഭേദഗതികൾ ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു. ചുതിയ ചട്ടം അനുസരിച്ച് ഒരു വർഷത്തിനുള്ളിൽ നടന്ന നിയമലംഘനങ്ങൾ മാത്രമാണ് ഇതിൽ പരിഗണിക്കുക. മുൻവർഷങ്ങളിലെ കുറ്റങ്ങൾ ഇതിൽ ഉൾപ്പെടുത്തില്ല. എന്നാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മുൻപ്, ലൈസൻസ് ഉടമയുടെ വാദം കേൾക്കാനുള്ള അവസരം നൽകേണ്ടതുണ്ടെന്നും ചട്ടത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഓവർസ്പീഡിംഗ്, ഹെൽമറ്റോ സീറ്റ് ബെൽറ്റോ ധരിക്കാതെയുള്ള ഡ്രൈവിംഗ്, ട്രാഫിക് സിഗ്നൽ ലംഘനം, പൊതുവഴികളിലെ അനധികൃത പാർക്കിംഗ്, അമിതഭാരം കയറ്റൽ, വാഹനമോഷണം, സഹയാത്രക്കാരോട് അക്രമസ്വഭാവം കാണിക്കൽ തുടങ്ങിയവ ഉൾപ്പെടെ 24 കുറ്റങ്ങളാണ് നിലവിൽ പട്ടികയിലുള്ളത്. ഇതിൽ ചെറിയ കുറ്റങ്ങളെന്നോ വലുതെന്നോ കണക്കാക്കാതെ എണ്ണം അഞ്ചിൽക്കൂടിയാൽ നടപടി നേരിടേണ്ടിവരും.







