മുക്കത്ത് നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചഇരുപത്തിരണ്ട് വയസുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടരഞ്ഞി സ്വദേശിയായ മുഹമ്മദ് മിഥ്‌ലാജിനെ വയനാട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. തന്റെ സുഹൃത്തിന്റെ കുഞ്ഞിനെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.
നാല് വയസ്സുകാരി അങ്കണവാടിയില്‍ വെച്ച് ജീവനക്കാരിയോട് വയറില്‍ വേദനിക്കുന്നതായി പറയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കുട്ടി ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചത്. പിന്നീട് ഇവര്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മുക്കം പൊലീസ് ഇന്‍സ്‌പെക്ടര്‍ ആനന്ദ്, എസ്.ഐ രഞ്ജിത്ത്, എ.എസ്.ഐ അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് മിഥ്‌ലാജിനെ അറസ്റ്റ് ചെയ്തത്.
പ്രതി മുഹമ്മദ് മിഥിലാജ് കുട്ടിയുടെ വീട്ടിലെ പതിവ് സന്ദര്ശകനും മാതാപിതാക്കളുടെ സുഹൃത്തുമായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് പ്രതി നാലുവയസ്സുകാരിയെ ക്രൂരമായി ഉപദ്രവിച്ചത്. സംഭവത്തിന് ശേഷം ഒളിവില് പോയ പ്രതിയെ സൈബര് സെല്ലിന്റെ സഹായത്തോടെ വയനാട്ടില് വെച്ച് പോലീസ് വലയിലാക്കി. മാതാപിതാക്കളുടെ പരാതിയില് പോക്‌സോ വകുപ്പുകള് പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു







