ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ചവർക്ക് ആത്മധൈര്യവും പിന്തുണയും നൽകാൻ സംസ്ഥാന സർക്കാർ വനിതാ കാർണിവൽ സംഘടിപ്പിക്കുന്നു. ‘പെൺചുവടുകൾ കരുതലോടെ മുന്നോട്ട്’ എന്ന പേരിൽ ഫെബ്രുവരി 3 മുതൽ 9 വരെ തിരുവനന്തപുരം കനകക്കുന്നിൽ ഒരാഴ്ച പരിപാടി. വനിത-ശിശുവികസന വകുപ്പും വനിതാ വികസന കോർപ്പറേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തലസ്ഥാനം വേദിയാവുന്ന കാർണിവലിൽ പ്രത്യേക വനിതാ കോൺക്ലേവ് നടക്കും. പീഡനങ്ങൾ തുറന്നുപറയാനും നിയമപ്പോരാട്ടം നടത്താനും ധൈര്യം കാണിച്ച അതിജീവിതമാർ കാർണിവലിൽ എത്തും. അതിക്രമങ്ങൾ നേരിടാനുള്ള മാർഗങ്ങൾ, ലഭ്യമായ നിയമസഹായങ്ങൾ എന്നിവയെക്കുറിച്ച് ചർച്ചകൾ നടക്കും. ‘സർക്കാർ അതിജീവിതകൾക്കൊപ്പം’ എന്ന സന്ദേശമാണ് ഈ പ്രചാരണ പരിപാടി മുന്നോട്ട് വെക്കുന്നത്.







