പി.എം. ശ്രീ കേന്ദ്ര വിദ്യാലയം നമ്പർ 1, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ആരാധ്യ കൃഷ്ണ, (ഉള്ളിയേരി) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വീർഗാഥ മത്സരത്തിൽ (ക്ലാസ് 9–10 വിഭാഗം) ഹ്രസ്വ വീഡിയോ (കഥപറച്ചിൽ) വിഭാഗത്തിൽ ദേശീയതല പുരസ്കാരം നേടി.
ആദിവാസി നേതാവായ അല്ലൂരി സീതാരാമ രാജുവിന്റെ ജീവിതവും ത്യാഗങ്ങളും ആസ്പദമാക്കിയ വീഡിയോ ചരിത്രപരമായ ആഴവും സൃഷ്ടിപരമായ അവതരണവും കൊണ്ട് ശ്രദ്ധേയമായി. ഈ വർഷം കേന്ദ്രവിദ്യാലയ സംഘടനക്ക് ശ്രദ്ധേയമായ നേട്ടമാണ് കൈവരിക്കാനായത്. എറണാകുളം മേഖലയിൽ നിന്നുള്ള രണ്ട് പുരസ്കാരങ്ങൾ ഉൾപ്പെടെ മൂന്നു ദേശീയതല പുരസ്കാരങ്ങളാണ് സംഘടനക്ക് ലഭിച്ചത്.
ജനുവരി 24-ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ആരാധ്യ കൃഷ്ണക്ക് പുരസ്കാരം സമ്മാനിക്കും. 9–10 ക്ലാസുകളിലെ സ്റ്റോറി ടെല്ലിംഗ് വിഭാഗത്തിൽ അവതരിപ്പിച്ച ഹ്രസ്വ വീഡിയോയിലൂടെയാണ് ആരാധ്യ ഈ നേട്ടം കൈവരിച്ചത്. ബ്രിട്ടീഷ് കോളനിയൽ ഭരണത്തിനെതിരെ ആദിവാസി നേതാവായ അല്ലൂരി സീതാരാമ രാജു നടത്തിയ വീര ത്യാഗങ്ങളെയാണ് വീഡിയോയിൽ അവതരിപ്പിച്ചത്. ഉള്ളിയേരി മാമ്പൊയിൽ ശിവഗംഗയിൽ വിമുക്ത ഭടൻ മഹേന്ദ്ര കുമാറിൻ്റെയും പ്രിയയുടെയും മകളാണ്.







