ഗുജറാത്തിന്റെ വ്യവസായ വളർച്ചയ്ക്ക് വലിയ കുതിപ്പേകി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 35,000 കോടി രൂപയുടെ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ചു. അഹമ്മദാബാദിന് സമീപമുള്ള ഖോറേജിൽ ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ അനുവദിച്ച 1,750 ഏക്കർ സ്ഥലത്താണ് പുതിയ കാർ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നത്. പ്രതിവർഷം 10 ലക്ഷം വാഹനങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ള ഈ പ്ലാന്റിൽ നാല് ഉൽപ്പാദന യൂണിറ്റുകളാണുണ്ടാവുക. 2029 സാമ്പത്തിക വർഷത്തോടെ ആദ്യ യൂണിറ്റിൽ നിന്ന് ഉൽപ്പാദനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഈ പദ്ധതിയിലൂടെ 12,000-ലധികം ആളുകൾക്ക് നേരിട്ട് തൊഴിൽ ലഭിക്കുമെന്നും, അനുബന്ധ വ്യവസായങ്ങൾ, ഓട്ടോ പാർട്സ് വിതരണക്കാർ, എംഎസ്എംഇ യൂണിറ്റുകൾ എന്നിവയിലൂടെ ഏകദേശം 7.5 ലക്ഷം പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കണക്കാക്കുന്നു. ഗാന്ധിനഗറിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, മാരുതി സുസുക്കി മാനേജിംഗ് ഡയറക്ടർ ഹിറ്റാച്ചി ടേക്ക്യുച്ചി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ നിക്ഷേപ കത്ത് കൈമാറി.







