കണക്ടഡ് ലോഡ് വർദ്ധിപ്പിക്കുന്നതിന് നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് ഉപഭോക്താക്കൾക്ക് സുവർണ്ണാവസരം ഒരുക്കി കെ എസ് ഇ ബി. ഇതിന് 2026 മാർച്ച് 31 വരെ മാത്രമേ അവസരമുണ്ടാകൂ. അപേക്ഷാഫീസ്, ടെസ്റ്റിംഗ് ഫീസ്, അഡീഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ ഇളവ് ചെയ്തിട്ടുണ്ട്. എന്നാൽ ആവശ്യപ്പെടുന്ന അധിക ലോഡ് നൽകുന്നതിനോ വോൾട്ടേജ് ലെവലിൽ വരുന്ന വ്യത്യാസം മൂലമോ വിതരണ ശൃംഖലയിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ ആയതിനാവശ്യമായ തുക മാത്രം ഉപഭോക്താവ് അടയ്ക്കേണ്ടി വരും.
എല്ലാ വിഭാഗം എൽ.ടി ഉപഭോക്താക്കൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാൽ ഏതെങ്കിലും നിയമപര അധികാരികളിൽ നിന്ന് എതിർപ്പ് നിലനിൽക്കുന്ന സാഹചര്യങ്ങളിൽ, ബന്ധപ്പെട്ട എതിർപ്പ് പരിഹരിച്ച ശേഷമേ ഈ പദ്ധതിയുടെ ഭാഗമായി ലോഡ് റെഗുലറൈസേഷൻ അനുവദിക്കുകയുള്ളു.
കെ.എസ്.ഇ.ബി.എൽ.യിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഉപഭോക്താക്കൾക്ക് wss.kseb.in എന്ന വെബ്സൈറ്റിലൂടെ കണക്റ്റഡ് ലോഡ് റെഗുലറൈസേഷൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അതത് ഇലക്‌ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽ പൂരിപ്പിച്ച അപേക്ഷയും ഉപഭോക്താവിന്റെ തിരിച്ചറിയൽ രേഖയും, കണക്റ്റഡ് ലോഡ് സംബന്ധിച്ച ഡിക്ലറേഷനും നൽകി അപേക്ഷിക്കാനും സൗകര്യമുണ്ട്.
മറ്റൊരു രേഖയും സമർപ്പിക്കാതെ, പണച്ചെലവില്ലാതെ എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ഈ അവസരം വിനിയോഗിക്കാനാവുന്നതാണ്. ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്താനും, ഭാവിയിലെ നിയമനടപടികൾ ഒഴിവാക്കാനും കെ.എസ്.ഇ.ബി അറിയിച്ചു.







