മൂപ്പെനാട് പഞ്ചായത്തിലെ സരോജിനിയമ്മ – സുഭാഷ് എന്നിവരുടെ കുടുംബത്തിന് സഹായവുമായി പൊയിൽക്കാവ് ഹയർസെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ. ഇരു കാലുകളും നഷ്ടമായതും നിരവധി രോഗാവസ്ഥകളും കാരണം കഷ്ടപ്പെടുന്ന കുടുംബത്തിന് അത്താണിയായ് പൊയിൽക്കാവ് ഹയർ സെക്കൻ്ററി എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ. സംസ്ഥാന തലത്തിൽ നടക്കുന്ന ഉപജീവനം പദ്ധതിയുടെ ഭാഗമായാണ് വയനാട്ടിലെ മൂപ്പെനാട് പഞ്ചായത്തിലെ സരോജിനിയമ്മ – സുഭാഷ് എന്നിവരുടെ കുടുംബത്തിന് സഹായവുമായി വിദ്യാർത്ഥികൾ എത്തിയത്. ചൂരൽമല ഉരുൾ പൊട്ടൽ സമയത്ത് നടന്ന കനത്ത മഴയത്തും കാറ്റത്തും ഇവർ നടത്തിവന്നിരുന്ന പെട്ടികട പൂർണ്ണമായും നശിച്ചു പോയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് കുടുംബത്തിൻ്റെ അവസ്ഥ വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉപജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി കട പുനർനിർമ്മിച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു. സ്കൂളിലെ എൻ.എസ്.എസ് വോളണ്ടിയേസ് ഡിറ്റർജൻസ്, ജാം, അച്ചാർ എന്നിവ നിർമ്മിച്ച് വിപണനം നടത്തിയാണ് പദ്ധതിക്കായുള്ള തുക കണ്ടെത്തിയത്.
മുപ്പെനാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സുധ സി.വി ആദ്യ വില്പന നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രവീണ ടി.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രദേശത്തെ പാലിയേറ്റീവ് പ്രവർത്തകരായ ശ്രീജിത്ത് .ഒ, ഹരീഷ് പി.കെ, സ്കൂളിലെ അധ്യാപകരായ ജയ്കിഷ് എസ്. ആർ, ജിതേഷ് എൻ.ടി, റോഷ്ന വി.എം. വളണ്ടിയർ ലീഡർ ശ്രീദർശ്. ആർ.എൽ എന്നിവർ സംസാരിച്ചു.







