ദേശീയ സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പരിചയ സമ്പന്നരും പുതുമുഖങ്ങളും ഒത്തിണങ്ങിയ ടീമിൽ കൂരാച്ചുണ്ട് സ്വദേശി അർജുൻ ബാലകൃഷ്ണനും സ്ഥാനം പിടിച്ചു. തുടർച്ചയായ നാലാം തവണയാണ് അർജുൻ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ടീമിലിടം നേടുന്നത്. കഴിഞ്ഞ മൂന്ന് തവണത്തെ ടൂർണമെന്റിലും കേരള ടീമിനായി അർജുൻ ഗോൾ സ്കോർ ചെയ്തിരുന്നു. കേരള ഫുട്ബോൾ അസോസിയേഷന്റെ 2023-24 വർഷത്തിലെ പുരുഷവിഭാഗത്തിൽ മികച്ച സീനിയർ ഫുട്ബോൾ താരമായി കൂരാച്ചുണ്ട് സ്വദേശി അർജുൻ ബാലകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
എട്ടാം വയസിൽ കല്ലാനോട് സ്റ്റേഡിയത്തിൽ സെപ്റ്റിന്റെ പരിശീലന ക്യാമ്പിലൂടെയാണ് അർജുന്റെ തുടക്കം. തുടർന്ന് മണിപ്പൂരിൽ നടന്ന അണ്ടർ 13 സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ വിജയിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതോടെയാണ് സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് സ്പോൺസർമാരുടെ സഹകരണത്തോടെ ഖത്തർ, ദുബായ് രാജ്യങ്ങളിൽ മത്സരത്തിൽ പങ്കെടുത്തതോടെ അർജുന് ആത്മവിശ്വാസം കൂടി. അതോടെ കളിയോടുള്ള സമീപനത്തിൽ തന്നെ മാറ്റം വരുകയായിരുന്നു. വൈദ്യുതി ഭവൻ ഹെഡ്ക്വാർട്ടേഴ്സിൽ ജോലി ചെയ്യുന്ന അർജുന് ലഭിച്ച നേട്ടം ആഘോഷമാക്കാനിരിക്കുകയാണ് നാട്ടുകാരും പ്രിയപ്പെട്ടവരും.
മലയോര കുടിയേറ്റ ഗ്രാമമായ കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ കാൽപന്ത് കളിയുടെ ബാലപാഠങ്ങൾ അഭ്യസിച്ച അർജുൻ പൂവത്തുംചോല നടുക്കണ്ടിപറമ്പിൽ ബാലകൃഷ്ണൻ – ബീന ദമ്പതികളുടെ മകനാണ്.
കേരള പോലീസ് ടീം അംഗം ജി.സഞ്ജുവാണ് 22 അംഗ ടീമിന്റെ ക്യാപ്റ്റൻ. ജനുവരി 22 മുതൽ ഫെബ്രുവരി 8 വരെ അസമിലാണ് 79–ാമത് സന്തോഷ് ട്രോഫി ടൂർണമെന്റ്. കഴിഞ്ഞ വർഷം ഫൈനലിൽ ഒരു ഗോളിനാണ് കേരളത്തിനു കിരീടം നഷ്ടപ്പെട്ടത്. ആറു ടീമുകളടങ്ങിയ രണ്ടു ഗ്രൂപ്പുകളായാണ് ഇത്തവണ മത്സരം. സർവീസസ്, പഞ്ചാബ്, ഒഡീഷ, റെയിൽവേസ്, മേഘാലയ എന്നിവരുൾപ്പെട്ട ഗ്രൂപ്പ് ബിയിലാണ് കേരളം. 22നു പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം, 24നു റെയിൽവേസിനെയും നേരിടും. 31നു സർവീസസിനെതിരെയാണ് അവസാന ഗ്രൂപ്പ് മത്സരം.







