രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പണമായി ടോൾ നൽകുന്ന രീതി നിർത്തലാക്കുന്നു. ഏപ്രിൽ ഒന്നു മുതൽ എല്ലാ ടോൾ പ്ലാസകളിലും ഡിജിറ്റൽ ഇടപാടുകൾ മാത്രം അനുവദിച്ചാൽ മതിയെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചു. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ടോൾ പിരിവ് പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നത്.
ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും യാത്ര സുഗമമാക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം. നിലവിൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ പ്ലാസകളിൽ ഇരട്ടി തുക പിഴയായി നൽകി പണമിടപാട് നടത്താറുണ്ട്. എന്നാൽ ഏപ്രിൽ ഒന്നു മുതൽ ഈ സൗകര്യം ലഭ്യമാകില്ല. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾ പാതകളിലൂടെ കടന്നുപോകാൻ അനുമതി നൽകില്ലെന്നും അധികൃതർ വ്യക്തമാക്കി. ടോൾ ബൂത്തുകളിൽ ക്യാഷ് കൗണ്ടറുകൾ ഇനി ഉണ്ടാകില്ല. എല്ലാ ലെയ്നുകളും ഫാസ്ടാഗ് ലെയ്നുകളായി മാറും. ഫാസ്ടാഗിന് പിന്നാലെ ജിപിഎസ് അധിഷ്ഠിത ടോൾ പിരിവ് സംവിധാനവും ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. വാഹനങ്ങൾ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ ഈടാക്കുന്ന രീതിയാണിത്. ടോൾ പ്ലാസകളിൽ വാഹനങ്ങൾ കാത്തുനിൽക്കുന്നത് ഒഴിവാക്കി ഇന്ധനവും സമയവും ലാഭിക്കുക എന്നതാണ് പുതിയ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഏപ്രിൽ ഒന്നിന് മുൻപ് എല്ലാ വാഹന ഉടമകളും തങ്ങളുടെ ഫാസ്ടാഗുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. ഫാസ്ടാഗ് അക്കൗണ്ടുകളിൽ മതിയായ ബാലൻസ് ഇല്ലെങ്കിലും യാത്ര തടസ്സപ്പെടും.







