കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ബ്ലോക്ക് ചെയിൻ സംവിധാനം ഏർപ്പെടുത്തുന്ന ചടങ്ങ് തിരുവനന്തപുരത്തെ പി.എസ്.സി. ആസ്ഥാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ പി.എസ്.സി.യുടെ വിവരശേഖരണത്തിലെ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരള പബ്ലിക് സർവീസ് കമ്മീഷനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ദിനമാണിത്. പി.എസ്.സി.യുടെ പ്രവർത്തനങ്ങളിൽ ഇന്ന് മുതൽ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ സമന്വയിപ്പിക്കപ്പെടുകയാണ്. സംസ്ഥാനത്തെ ആദ്യ ഡിജിറ്റൽ സർവകലാശാലയായ കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയാണ് പി.എസ്.സി.ക്കായി ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പബ്ലിക് സർവീസ് കമ്മീഷൻ ഇത്തരം ഒരു സാങ്കേതികവിദ്യ നടപ്പാക്കുന്നത്. മറ്റു പല മേഖലകളിലെയും പോലെ പി.എസ്.സി. രംഗത്തും കേരളം രാജ്യത്തിന് വഴികാട്ടുകയാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടെ മൂന്നുലക്ഷത്തിലധികം നിയമനങ്ങൾ കേരള പി.എസ്.സി. നടത്തി. ഇന്ത്യയിൽ നടക്കുന്ന പി.എസ്.സി. നിയമനങ്ങളിൽ അറുപത് ശതമാനവും കേരള പി.എസ്.സി. മുഖേനയാണ് നടക്കുന്നുവെന്നത് അഭിമാനകരമായ നേട്ടമാണ്.
ചടങ്ങിൽ കേരള പി.എസ്.സി. പ്രസിദ്ധീകരിക്കുന്ന ‘ഉദ്യോഗാർത്ഥികളറിയാം’ എന്ന പ്രസിദ്ധീകരണത്തിന്റെ പ്രകാശനം മുഖ്യമന്ത്രി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനിക്ക് നൽകി പ്രകാശനം നിർവഹിച്ചു. പി.എസ്.സി. ചെയർമാൻ എം. ആർ. ബൈജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാലു ജോർജ് സ്വാഗതം പറഞ്ഞു. എസ്. എ. സെയ്ഫ്, വി. ടി. കെ. അബ്ദുൽ സമദ്, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് എന്നിവർ സംസാരിച്ചു. ഡിജിറ്റൽ സർവകലാശാല ഡീൻ (അക്കാഡമി) ഡോ. എസ്. അഷറഫ് റിപ്പോർട്ട് അവതരിപ്പിച്ചു.







