വയോജനങ്ങളുടെ അനുഭവജ്ഞാനം സാമൂഹിക പുരോഗതിക്ക് പ്രയോജനപ്പെടുത്തണമെന്ന് വയോജന കമീഷന് ചെയര്‍പേഴ്സണ്‍ കെ സോമപ്രസാദ്. സംസ്ഥാന വയോജന കമീഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ വീടുകളില്‍ ഒതുങ്ങി കഴിയേണ്ടവരല്ലെന്നും അവരുടെ കഴിവുകളും അനുഭവസമ്പത്തും സമൂഹത്തിന് പ്രയോജനകരമായ വിധത്തില്‍ ക്രിയാത്മകമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ചിന്തിക്കേണ്ടതാണെന്നും ചെയര്‍പേഴ്സണ്‍ അഭിപ്രായപ്പെട്ടു.
വയോജന പെന്ഷന് തുക ഉയര്‍ത്തുക, ട്രെയിന്‍ ടിക്കറ്റ് കണ്സഷന് പുനഃസ്ഥാപിക്കുക, വൃദ്ധസദനങ്ങളിലെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുക, പകല്‍വീടുകള്‍ സ്ഥാപിക്കുക, വയോജനങ്ങള്‍ക്കായി പ്രത്യേക ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു.
വയോജന കമ്മീഷന് സെക്രട്ടറി അബ്ദുല്‍ മജീദ് കക്കോട്ടില്‍, അംഗങ്ങളായ അമരവിള രാമകൃഷ്ണന്, കെ.എന്‍.കെ നമ്പൂതിരി, വയോജന സേവന രംഗത്തെ വിദഗ്ധര്‍, ജില്ലാതല വയോജന കൗണ്‍സില്‍ അംഗങ്ങള്‍, പെന്ഷന് സംഘടനാ ഭാരവാഹികള്‍, വയോജന സംഘടന പ്രതിനിധികള്‍, സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.







