പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന വടകരയിലെ പ്ലസ് വൺ വിദ്യാർത്ഥിനി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ചോറോട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ വടകര നട് സ്ട്രീറ്റിലെ പി.പി. ഹൗസിൽ ഫൈസലിന്റെ മകൾ ധാനാ ഇഷാൻ (16) ആണ് മരിച്ചത്.
ജനുവരി 11ന് പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം വടകര സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആരോഗ്യനിലയിൽ മാറ്റമുണ്ടാകാതിരുന്നതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ തീവ്ര ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് പുലർച്ചെയോടെ മരണം സംഭവിച്ചത്.
അപ്രതീക്ഷിതമായ മരണവാർത്ത കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. ആരോഗ്യനില പെട്ടെന്ന് ഗുരുതരമായതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വടകര പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിഷം ഉള്ളിൽച്ചെന്ന് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ. വടകര പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.







