76-ാം വയസ്സിൽ പത്താം ക്ലാസ് തുല്യത പരീക്ഷ വിജയിച്ച കൊടുവള്ളി വാരിക്കുഴിത്താഴം അരിക്കോട്ടിൽ പത്മാവതി അമ്മ ആഗ്രഹപൂർത്തീകരണത്തിന്റെ സന്തോഷത്തിലാണ്. 1968-69 ൽ ബാച്ചിൽ പത്താം ക്ലാസ് പരീക്ഷ എഴുതി തോറ്റപ്പോൾ വീട്ടിലെ സാഹചര്യം തുടർ പഠനത്തിന് തടസ്സമായി. അമ്മ വീണ് തോളെല്ല് പൊട്ടി കിടപ്പിലായപ്പോൾ അമ്മയെ ശുശ്രൂഷിക്കാൻ ആളില്ലാതായപ്പോഴാണ് പത്മാവതി അമ്മയ്ക്ക് പഠനം നിർത്തേണ്ടിവന്നത്. അന്നേ മനസ്സിലുദിച്ച ആഗ്രഹമായിരുന്നു പത്താം ക്ലാസ് പരീക്ഷ എഴുതി വിജയിക്കണമെന്നത്.
പത്മാവതി അമ്മയ്ക്ക് പഠനം പാതിവഴിയിൽ നിർത്തിയവരോട് പറയാനുള്ളത് ആഗ്രഹവും പരിശ്രമവുമുണ്ടെങ്കിൽ വിജയം ഉറപ്പാണെന്നാണ്. നല്ലപോലെ കഷ്ടപ്പെട്ടാണ് പത്മാവതി അമ്മ ഇംഗ്ലീഷും ഹിന്ദിയും ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിച്ചെടുത്തത്. മറവിയും ഇംഗ്ലീഷ്, ഹിന്ദി വാക്കുകളുടെ അർത്ഥങ്ങൾ മനസ്സിലാകാത്തതും വലിയ പ്രയാസങ്ങളുണ്ടാക്കിയിരുന്നതായി പത്മാവതി അമ്മ പറഞ്ഞു. എന്നാൽ, അധ്യാപകരുടെ പൂർണ സഹകരണമാണ് പത്മാവതി അമ്മയ്ക്ക് പരീക്ഷ എഴുതാനുള്ള ആത്മവിശ്വാസം നൽകിയത്.
തുല്യത പഠന ക്ലാസിൽ ഏറ്റവും പ്രായം കൂടിയ പഠിതാവായിരുന്നു പത്മാവതി അമ്മ. ക്ലാസിൽ ഏറ്റവും ആക്റ്റീവായിരുന്ന പത്മാവതി അമ്മയെ ഞങ്ങളെല്ലാവരും അമ്മേ എന്നായിരുന്നു വിളിച്ചിരുന്നതെന്നും ഈ അമ്മയെ പഠിപ്പിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായും പത്മാവതി അമ്മയുടെ ഹിന്ദി അധ്യാപകനായ കൊടുവള്ളി ഗവ.ഹയർസെക്കൻഡറി സ്കൂൾ റിട്ട.അധ്യാപകൻ
ചാത്തമംഗലം പുനത്തിൽ കെ.ടി.സന്തോഷ് പറഞ്ഞു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിവ അക്ഷരത്തെറ്റില്ലാതെ എഴുതാൻ പത്മാവതി അമ്മയ്ക്ക് സാധിച്ചിരുന്നു. സ്കൂൾ പഠനകാലത്ത് സ്വായത്തമാക്കിയതായിരുന്നു ഈ കഴിവ്.
പ്രായം 76 ആയെങ്കിലും വെറുതെയിരിക്കുന്ന പതിവ് പത്മാവതി അമ്മയ്ക്കില്ല. മൈ ലൈഫ് സ്റ്റൈൽ മാർക്കറ്റിങ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിൽ ഡിസ്ട്രിബ്യൂട്ടർ ഏരിയ ടീം കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുകയാണിപ്പോൾ. വാരിക്കഴിത്താഴം കണ്ണിക്കകരുമകൻ ക്ഷേത്രം മുൻ മാതൃസമിതി പ്രസിഡന്റും ഇപ്പോൾ ക്ഷേത്ര കമ്മിറ്റി അംഗവുമാണ് പത്മാവതി അമ്മ. പരേതനായ ഗോപാലൻ നായരാണ് ഭർത്താവ്. വിമുക്തഭടനായ പ്രദീപ് മകനാണ്.







