ഇന്ത്യയില്‍ പുതുതായി സര്‍വീസ് തുടങ്ങുന്ന വന്ദേഭാരത് സ്ലീപ്പറിന്റെ നിരക്കുകള്‍ റെയിൽവേ പ്രഖ്യാപിച്ചു. രാജധാനിയേക്കാളും അധികനിരക്കാണ് വന്ദേഭാരത് സ്ലീപ്പറിന് ചുമത്തുന്നത്. വന്ദേഭാരത് സ്ലീപ്പറില്‍ 400 കിലോ മീറ്റര്‍ വരെയാണ് മിനിമം നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
ത്രീ ടയര്‍ എ.സിക്ക് 400 കിലോ മീറ്ററിന് 960 രൂപയാണ് നിരക്കായി നിശ്ചയിച്ചിട്ടുള്ളത്. സെക്കന്‍ഡ് എ.സി 1,240 രൂപയും ഫസ്റ്റ് ക്ലാസ് എ.സിക്ക് 1,520 രൂപയും മിനിമം നിരക്കായി നല്‍കും. മിനിമം ചാര്‍ജ് കഴിഞ്ഞാല്‍ തേര്‍ഡ് എ.സിയില്‍ കിലോമീറ്ററിന് 2.4 രൂപയും സെക്കന്‍ഡ് എ.സി 3.1 രൂപയും ഫസ്റ്റ് എ.സിയില്‍ 3.8 രൂപയും അധികനിരക്ക് നല്‍കേണ്ടിവരും. ഇതിന് പുറമേ ജി.എസ്.ടിയും നിരക്കില്‍ ഉള്‍പെടുമെന്നാണ് സൂചന.
രാജധാനി എക്സ്പ്രസ് പോലുള്ള നിലവിലുള്ള പ്രീമിയം ട്രെയിനുകളേക്കാള്‍ വന്ദേ ഭാരത് സ്ലീപ്പറിനുള്ള ടിക്കറ്റ് നിരക്കുകള്‍ അല്പം കൂടുതലായിരിക്കുമെന്നാണ് കണക്കുകള്‍. ദൂരം കുറവാണെങ്കില്‍ പോലും കുറഞ്ഞത് 400 കിലോമീറ്റര്‍ യാത്രയ്ക്ക് പണം നല്‍കേണ്ടിവരുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. മാത്രമല്ല, പുതിയ ട്രെയിനില്‍ ആര്.എ.സി (റിസര്‍വേഷന്‍ എഗൈന്‍സ്റ്റ് കാന്സലേഷന്) ഉണ്ടാവില്ല. വെയിറ്റിങ് ലിസ്റ്റ്, ഭാഗികമായി സ്ഥിരീകരിക്കപ്പെട്ട ടിക്കറ്റുള്ളവര്‍ എന്നിവര്‍ക്ക് പുതിയ വന്ദേഭാരത് സ്ലീപ്പറില്‍ യാത്ര ചെയ്യാനാവില്ല. അതേസമയം, മറ്റ് ദീര്‍ഘദൂര ട്രെയിനുകളെപ്പോലെ സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്, വികലാംഗര്‍ (പിഡബ്ല്യുഡി), റെയില്‍വേ ജീവനക്കാര്‍ എന്നിവര്‍ക്കായി പ്രത്യേക റിസര്‍വ്ഡ് ക്വാട്ടകള്‍ പുതിയ സര്‍വീസിലും നല്‍കുന്നുണ്ട്.
ഗുവാഹത്തി-ഹൗറ റൂട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ആഴ്ചയാണ് ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. നിലവിലെ എക്സ്പ്രസ് സര്‍വീസുകളെ അപേക്ഷിച്ച് ഈ ട്രെയിന്‍ യാത്രാ സമയം ഏകദേശം മൂന്ന് മണിക്കൂര്‍ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ വന്ദേഭാരത് സ്ലീപ്പര്‍: പരിഗണിക്കുന്നത് മൂന്ന് റൂട്ടുകള്‍
അധികം വൈകാതെ കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍ ലഭിക്കുമെന്നാണ് ഉറപ്പ് നല്‍കിയിട്ടുള്ളത്. അതേസമയം, ഏത് റൂട്ടിലാണ് വന്ദേഭാരത് സ്ലീപ്പര്‍ വരികയെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അസമിലെ ഗുവാഹത്തിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കാണ് സര്‍വീസ് തുടങ്ങിയത്. ഈ വര്‍ഷം തന്നെ 12 പുതിയ ട്രെയിനുകള്‍ കൂടി രംഗത്തിറക്കുമെന്നും ഇതില്‍ രണ്ടെണ്ണം കേരളത്തിന് അനുവദിക്കുമെന്നുമാണ് സൂചന.
കേരളത്തില്‍ വന്ദേഭാരത് സ്ലീപ്പറിന് പ്രധാനമായും റെയില്‍വേക്ക് മുന്നിലുള്ളത് മൂന്ന് പ്രധാന റൂട്ടുകളാണ്. തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ബെംഗളൂരു, തിരുവനന്തപുരം-മംഗളൂരു എന്നിവയാണ് റെയില്‍ പരിഗണിക്കുന്ന റൂട്ടുകള്‍ എന്നാണ് സൂചന. ഇതില്‍ തന്നെ തിരുവനന്തപുരത്തുനിന്ന് ചെന്നൈ, തിരുവനന്തപുരം – ബംഗളുരു എന്നീ റൂട്ടുകള്‍ക്കാണ് മുന്‍ഗണനയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.







