വിവാദങ്ങൾക്കിടെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ വേദി 15ന് താമര എന്ന പേര് നൽകി. സംസ്ഥാന കലോത്സവത്തിനായി സജ്ജമാക്കിയ തൃശൂരിലെ 25 വേദികൾക്കും പൂക്കളുടെ പേരുകളാണ് നൽകിയിരുന്നത്. എന്നാൽ, ഇതിൽ നിന്നും താമര ഒഴിവാക്കിയതിൽ കഴിഞ്ഞ ദിവസം വിവാദം ഉയർന്നിരുന്നു. തുടർന്നാണ് വേദി 15ന് താമര എന്ന പേര് നൽകിയത്.
നേരത്തെ വേദി 15ന് ഡാലിയ എന്ന പേരാണ് നൽകിയിരുന്നത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒരു വേദിക്ക് താമര എന്ന പേര് നൽകുമെന്നും വിവാദങ്ങളിലേക്ക് പോകേണ്ട എന്ന് കരുതിയാണ് തീരുമാനമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കലോത്സവം ഭംഗിയായി നടത്തി എല്ലാവരുമായി സഹകരിച്ച് പോവാനാണ് ആഗ്രഹിക്കുന്നതെന്നും താമര എന്ന പേര് ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.







