യോഗ്യരായ എല്ലാ പൗരന്മാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പൊതുജനങ്ങൾക്കിടയിൽ അടിസ്ഥാനരഹിതമായതും ഭയം സൃഷ്‌ടിക്കുന്നതുമായ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി. പ്രമുഖ മലയാള മാധ്യമത്തിൽ പ്രസിദ്ധീകരിച്ച വാർത്തയടക്കം പങ്കുവച്ചാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അറിയിപ്പ്.
“യോഗ്യരായ എല്ലാ പൗരന്മാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിജ്ഞാബദ്ധമാണ്” എന്ന തലക്കെട്ടോടെയാണ് കമ്മീഷൻ എക്‌സ് പോസ്റ്റിൽ വ്യക്തത വരുത്തിയത്.
കേരളത്തിലെ അന്തിമ എസ്‌ഐആർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന് പൗരന്മാർ ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ല. 92.40 ശതമാനം വോട്ടർമാരുടെയും മാപ്പിങ് ഇതിനകം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട് എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫിസറും (ERO) അസിസ്റ്റൻ്റ് ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫിസറും (AERO) നിയുക്ത ഹിയറിങ് അതോറിറ്റികളായി പ്രവർത്തിക്കുന്നു. സമർപ്പിച്ച തെളിവുകളിൽ അവർ തൃപ്‌തരാണെങ്കിൽ, നേരിട്ട് ഹാജരാകേണ്ടതിൻ്റെയോ കൂടുതൽ വിശദീകരണത്തിൻ്റെയോ ആവശ്യകത ഒഴിവാക്കാൻ അവർക്ക് വിവേചനാധികാരമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.







