മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല തീർത്ഥാടകരുടെ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനുമായി ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി. പമ്പയിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ കെഎസ്ആർടിസി ചരിത്രത്തിലാദ്യമായി 1000 ബസ്സുകൾ സർവീസിലിറക്കുമെന്ന് തീരുമാനിച്ചു. നിലവിൽ തയ്യാറായിരുന്ന 800 ബസ്സുകൾക്ക് പുറമെ 200 ബസ്സുകൾ കൂടി നിരത്തിലിറക്കാനാണ് തീരുമാനം.
പമ്പ നിലയ്ക്കൽ മേഖലകളിൽ പുതിയ സ്മാർട്ട് ബസ് സ്റ്റോപ്പുകളും ക്ലോക്ക് റൂമും മന്ത്രി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാരെ അനുമോദിക്കുകയും ബസുകളുടെ ശുചിത്വവും ജീവനക്കാരുടെ സൗകര്യങ്ങളും നേരിട്ട് പരിശോധിക്കുകയും ചെയ്തു. സ്റ്റാൻഡിംഗ് യാത്ര ഒഴിവാക്കി സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ചായിരിക്കും സർവീസ്. സ്പെഷ്യൽ സർവീസുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച പ്രർത്തനം കാഴ്ചവച്ച ജീവനക്കാരെയും ഉദ്യോഗസ്ഥരെയും കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടറോടൊപ്പം ഗതാഗതവകുപ്പ് മന്ത്രി നേരിട്ടെത്തി അനുമോദന പത്രം നൽകി ആദരിക്കുകയും ചെയ്തിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സ്പെഷ്യൽ സർവീസുകൾ വിജയകരമായി മുന്നോട്ടുപോകുന്നതായി അധികൃതർ അറിയിച്ചു.







