ഹരിത കർമ്മ സേനാംഗങ്ങൾക്ക് കിട്ടിയ സ്വർണ്ണാഭരണം തിരിച്ചു നൽകി മാതൃകയായി. ചേളന്നൂർ വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾ ശേഖരിച്ച കൂട്ടത്തിൽ കിട്ടിയ പഴയ ബാഗിൽ നിന്നു മാലിന്യം തരം തിരിക്കുന്നതിനിടെ രണ്ടാം വാർഡ് ഹരിത സേനാംഗങ്ങളായ ഗിരിജ ടി.പി, ശോഭന കെ.എം എന്നിവർക്കാണ് അര പവനിലധികം വരുന്ന ഒരു ജോഡി സ്വർണ്ണ കമ്മൽ ലഭിച്ചത്.
ഇച്ചന്നൂർ സ്‌ക്കൂൾ അധ്യാപികയായ ഭാസുരി അനുവിൻ്റെ വീട്ടിലെ ബാഗാണെന്ന് മനസിലാക്കിയ അവരെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.കെ. രാജേന്ദ്രൻ പഞ്ചായത്ത് സിക്രട്ടറി കെ.മനോജ്കുമാർ, വാർഡ് മെമ്പർ പി. സന്തോഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ശോഭനയും ഗിരിജയും ചേർന്ന് ഉടമസ്ഥക്ക് കൈമാറി. ഹരിത കർമ്മസേന പ്രസിഡൻ്റ് ചിത്രലേഖ പള്ളിപ്പൊയിൽ സിക്രട്ടറി ബുഷറ കണ്ണങ്കരയും തദവസരത്തിൽ സംബന്ധിച്ചു. സത്യസന്ധതക്ക് മാതൃകയായ ശോഭന ഗിരിജ എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. സ്വപ്ന അഭിനന്ദിച്ചു.







