ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യം (ടാബ്ലോ) തിരഞ്ഞെടുക്കപ്പെട്ടു. നൂറ് ശതമാനം ഡിജിറ്റൽ സാക്ഷരത എന്ന ചരിത്രനേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയ കേരളം അവതരിപ്പിച്ച ടാബ്ലോ ഡിസൈനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകരിച്ചത്.
‘സ്വതന്ത്രത കാ മന്ത്ര – വന്ദേ മാതരം’, ‘സമൃദ്ധി കാ മന്ത്ര – ആത്മനിർഭർ ഭാരത്’ എന്നീ ആശയങ്ങളിൽ ഏതെങ്കിലും ഒന്നിനെ ആധാരമാക്കി ഡിസൈൻ അവതരിപ്പിക്കണമെന്നതായിരുന്നു മന്ത്രാലയത്തിന്റെ നിർദേശം. ഇതിൽ ‘സമൃദ്ധി കാ മന്ത്ര – ആത്മനിർഭർ ഭാരത്’ എന്ന തീമിലാണ് കേരളം ടാബ്ലോ അവതരിപ്പിക്കുന്നത്. ‘വാട്ടർ മെട്രോയും 100% ഡിജിറ്റൽ സാക്ഷരതയും – ആത്മനിർഭർ കേരളം ഫോർ ആത്മനിർഭർ ഭാരത്’ എന്നതാണ് വിഷയവത്കരണം.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നൽകിയ ആശയത്തിന്റെ അടിസ്ഥാനത്തിൽ കേരള ടാബ്ലോയുടെ ഫാബ്രിക്കേഷൻ ജോലികൾ നിർവഹിക്കുന്നത് ജെ. എസ്. ചൗഹാൻ ആൻഡ് അസോസിയേറ്റ്സിനായി റോയ് ജോസഫാണ്. ഈ വർഷം കർത്തവ്യപഥിൽ ടാബ്ലോ അവതരിപ്പിക്കുന്നതിനുള്ള ചുരുക്കപ്പട്ടികയിൽ 17 സംസ്ഥാനങ്ങളാണ് ഇടം നേടിയിരിക്കുന്നത്.







