താമരശ്ശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്

താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. ചുരം കയറുന്ന വാഹനങ്ങളുടെ നീണ്ട നിര അടിവാരം പിന്നിട്ടു. ഇന്ന് പുലർച്ചെ നാല് മണി മുതൽ തുടങ്ങിയ കുരുക്ക് മണിക്കൂറുകൾ പിന്നിടുമ്പോഴും രൂക്ഷമായി തുടരുകയാണ്. ചുരത്തിന് മുകളിൽ നിന്ന് താഴെ അടിവാരം വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. ചുരം കയറിപ്പോകാൻ ശരാശരി മൂന്നര മണിക്കൂറും, താഴേക്ക് ഇറങ്ങാൻ ഒന്നര മണിക്കൂറോളം സമയവുമാണ് എടുക്കുന്നത്. ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും കുരുക്കഴിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിരതെറ്റിച്ച് ചില വാഹനങ്ങൾ കയറി വരുന്നതിനാൽ എതിർദിശയിൽ വരുന്ന വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്.ഇത് കുരുക്ക് കൂടുതൽ രൂക്ഷമാകാൻ കാരണമാവുന്നുണ്ട്. കാറുകളാണ് കൂടുതലും ഇത്തരത്തിൽ നിര തെറ്റിച്ച് മുന്നോട്ട് കയറുന്നത്.

മൂന്ന് ദിവസത്തെ തുടർച്ചയായ അവധി ലഭിച്ചതോടെ വയനാട്, മൈസൂർ, ഊട്ടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവരുടെ വൻ തിരക്കാണ് ചുരത്തിൽ അനുഭവപ്പെട്ടത്. മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും താമസസൗകര്യങ്ങൾ നേരത്തെ തന്നെ ബുക്ക് ചെയ്യപ്പെട്ടതിനാൽ വരും മണിക്കൂറുകളിലും തിരക്ക് വർധിക്കാനാണ് സാധ്യത. കുരുക്കിൽ പെട്ട് രോഗികളുമായി പോകുന്ന ആംബുലൻസുകളും ദീർഘദൂര ബസുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ വഴിയിൽ കുടുങ്ങിക്കിടക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 

Leave a Reply

Your email address will not be published.