“മഞ്ഞ മഞ്ഞ ബൾബുകൾ മിന്നി മിന്നി കത്തുമ്പോൾ
എന്തിനെന്റെ കൊച്ചേട്ടാ
എന്നെ നോക്കണ്” എന്ന ക്യാമ്പസ് ഗാനവും
“അയിസു ഖദീസു പാത്തുമ്മ
ഖദീസുമ്മാ…” എന്ന നാടൻ പാട്ടും കേൾക്കാത്തവർ വിരളമായിരിക്കും.
വർഷങ്ങൾക്കു മുമ്പ് കോഴിക്കോട് സർവ്വകലാശാല ഫോക് ലോർ പഠനകേന്ദ്രത്തിന്റെ ഭാഗമായ “നാട്ടുപന്തലി”ലൂടെയാണ് ഈ പാട്ടുകൾ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയത്. പാട്ടുകൾ പാടി ഹിറ്റാക്കിയതാകട്ടെ അജീഷ് മുചുകുന്നും.
2018-ൽ കോഴിക്കോട് “പാട്ടുകൂട്ടം” കലാഭവൻ മണിയുടെ പേരിൽ ഏർ പ്പെടുത്തിയ മികച്ച നാടൻ പാട്ടുകാരനുള്ള പുരസ്ക്കാരം ലഭിച്ചതോടെയാണ് അജീഷ് ഏറെ ശ്രദ്ധേയനായത്. അതേ വർഷം തന്നെ യുവനാടൻ പാട്ടുകാരനുള്ള കലാനിധി പുരസ്ക്കാരവും അജീഷിനെ തേടിയെത്തി.
രണ്ടര പതിറ്റാണ്ടുകാലത്തിനിടയിൽ നടത്തിയ രണ്ടായിരത്തി അഞ്ഞൂറിലധികം വരുന്ന നാടൻപാട്ട് ശില്പശാല കളിലൂടെ നാടൻപാട്ട് രംഗത്തിന് പുതിയ മാനങ്ങൾ നൽകാൻ അജീഷിന് സാധിച്ചു. സ്ക്കൂൾ, കോളേജ്, ബി.എഡ്, ടി.ടി.സി വിദ്യാർത്ഥികൾക്കു വേണ്ടിയായിരുന്നു ഈ ശില്പശാലകളധികവും.
നാടൻപാട്ട് എന്ന ഗാന ശാഖയിലൂടെ പ്രശസ്തരായ പ്രസീത ചാലക്കുടിയും, ഹരിദാസ് കുന്നത്തേരിയും, സതീശൻ കോട്ടയ്ക്കലും, ഡോ.കെ.എം.ഭരതനും, മധു മാഷുമൊക്കെയുണ്ടായിരുന്ന “നാട്ടു പന്തലി”നൊപ്പം സഞ്ചരിച്ചിട്ടുണ്ട്.
ആന്ധ്രപ്രദേശിലെ കുപ്പം ദ്രവീഡിയൻ യൂണിവേഴ്സിറ്റിയിലും , മൈസൂർ യൂണിവേഴ്സിറ്റിയിലെ കൂവെമ്പു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കന്നഡ സ്റ്റഡീസിലും, തമിഴ്നാട്ടിലെ നാഗർകോവിലിലുള്ള സ്കോട്ട് ക്രിസ്ത്യൻ കോളേജിലും, ബംഗളൂരു ദൂർവാണിനഗർ മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടിയിലുമെല്ലാം നാടൻപാട്ട് സംഘത്തിൽ അജീഷും ശ്രദ്ധേയനായ ഗായകനായിരുന്നു അജീഷ് മുചുകുന്ന്.
ഫോക് ലോർ പഠനത്തിൽ എം.എ.യും, എം.ഫിലും നേടിയ ശേഷം ഡോ.സോമൻ കടലൂരിന്റെ കീഴിൽ
“നാടൻ പാട്ടുകളുടെ പരിണാമവും ആധുനിക പ്രതിനിധാനങ്ങളും” എന്ന വിഷയത്തിൽ ഗവേഷണം നടത്തുകയാണിപ്പോൾ അജീഷ്. നിലവിൽ കൊയിലാണ്ടി നഗരസഭയിൽ സാനിറ്റേഷൻ വർക്കറായി ജോലി ചെയ്തു കൊണ്ടിരിക്കുന്നു.

കോഴിക്കോട് സർവ്വകലാശാലയുടെ സുവർണ്ണ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി ലക്ഷദ്വീപ് ബി.എഡ്. സെൻ്ററിൽ നടത്തിയ നാടൻപാട്ട് പരിപാടിയിൽ അജീഷ് ഏറെ ശ്രദ്ധേയനായി. മൂന്നു തവണ ലക്ഷ്വദീപിൽ പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചു.
” നേർമൊഴി ” എന്ന പേരിൽ കോഴിക്കോട് കേന്ദ്രീകരിച്ച് “നാട്ടു സംഗീതിക” എന്ന പരിപാടിയുടെ കോ-ഓർഡിനേറ്റർ കൂടിയായ അജീഷ് ആഫ്രോ – ഏഷ്യൻ മ്യൂസിക് ബാൻ്റായ “നവര”യുടെ പ്രധാനികളിൽ ഒരാളാണ് .
ചലച്ചിത്ര താരം ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, ദേവരാജ് കോഴിക്കോട് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള “വി ഫോർ യു ” കാലിക്കറ്റിലും നാടൻ പാട്ടുമായി അജീഷ് ഉണ്ടായിരുന്നു. 2024 ൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ സാംസ്കാരിക പ്രവർത്തകരേയും കലാകാരൻമാരേയും വിളിച്ചു ചേർത്ത് തൃശൂരിൽ വെച്ച് നടത്തിയ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞ കലാകാരനാണ് അജീഷ് മുചുകുന്ന്.
കോഴിക്കോട് കൊയിലാണ്ടി മുചുകുന്ന് സ്വദേശിയായ അജീഷ് ഇപ്പോൾ കുറ്റ്യാടി കൂളിക്കുന്നിലാണ് താമസം.
സുനിലയാണ് ഭാര്യ. ആദർശ്, അവിഷ്ണ എന്നിവർ മക്കളാണ്. കേരള സർക്കാർ സാംസ്ക്കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പിന്റെ കോഴിക്കോട് ജില്ലാ കോ-ഓഡിനേറ്റായി പ്രവർത്തിച്ചിട്ടുണ്ട് അജീഷ്.
കലാഭവൻ മണിക്കു ശേഷം നാടൻ പാട്ടിനെ ജനകീയവൽക്കരിക്കുന്നതിൽ അജീഷിന്റെ സംഭാവനയും വില കുറച്ചു കാണാനാകില്ല. 2025 ജൂലൈ27 ന് നാടൻ കലാ മേഖലയിലെ സമഗ്രസംഭാവനകൾ മാനിച്ച് ഗോത്ര നാടൻ കലാപഠന ഗവേഷണ കേന്ദ്രം തേഞ്ഞിപ്പാലം (മലപ്പുറം) ആദരച്ചിട്ടുണ്ട്.







