ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സംഘടനയുടെ രാഷ്ട്രീയ നിലപാടിലും വ്യക്തത വരുത്തി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ശബരിമല വിഷയത്തിൽ മാത്രമാണ് സംഘടനയ്ക്ക് ‘ശരിദൂര’ നിലപാടുള്ളതെന്നും ബാക്കി എല്ലാ കാര്യങ്ങളിലും സമദൂര നിലപാട് തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 149-ാമത് മന്നം ജയന്തിയാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തെ രാഷ്ട്രീയമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. സമുദായാംഗങ്ങൾക്ക് ഏത് രാഷ്ട്രീയവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രീയത്തോട് എൻ.എസ്.എസിന് വെറുപ്പില്ല. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കുറ്റവാളികൾ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ സംവിധാനങ്ങളും കോടതികളുമുണ്ട്. അവർ കടമ നിറവേറ്റുന്നുണ്ടെന്നും അതിൽ പാളിച്ചയുണ്ടെങ്കിൽ മാത്രം മറ്റുള്ളവർ ഇടപെട്ടാൽ മതിയെന്നുമാണ് എൻ.എസ്.എസ് നിലപാട്. ഇക്കാര്യത്തിൽ രാഷ്ട്രീയ താത്പര്യത്തോടെയുള്ള ദുഷ്പ്രചാരണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയ്ക്കും നേതൃത്വത്തിനുമെതിരെ സ്വന്തം സമുദായത്തിൽ നിന്നുള്ള ചില ‘ക്ഷുദ്രജീവികൾ’ പ്രവർത്തിക്കുന്നുണ്ടെന്ന് സുകുമാരൻ നായർ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. സംഘടനയെ തകർക്കാനുള്ള നീക്കങ്ങൾ പരാജയപ്പെട്ടപ്പോൾ നേതൃസ്ഥാനത്തിരിക്കുന്നവരെ വ്യക്തിഹത്യ നടത്തി കരിവാരിത്തേക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.







