ഒരിടവേളയ്ക്ക് ശേഷം വീണ്ടും കരിയാത്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞതിന്റെ നടുക്കത്തിലാണ് പ്രദേശവാസികൾ. അവധി ആഘോഷിക്കാൻ കുടുംബാംഗങ്ങളോടൊപ്പം കരിയാത്തുംപാറ യിലെത്തിയ ഫറോക്ക് ചുങ്കം എട്ടേ നാലിൽ അഹമ്മദ്, കെ.ടി.നസീമ ദമ്പതികളുടെ ആറ് വയസുള്ള മകൾ അബ്റാറ തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ കരിയാത്തുംപാറ ജലാശയത്തിൽ മുങ്ങി മരിച്ചത്. ടൂറിസം കേന്ദ്രം ഗെയ്റ്റിൽ നിന്നും 100 മീറ്റർ അകലെ അധികം ആഴമില്ലാത്ത ഭാഗത്ത് ബന്ധുക്കളായ കുട്ടികൾ ഉൾപ്പെടെയുള്ളവർക്കൊപ്പം കുളിച്ചു കൊണ്ടിരിക്കെ അബന്ധത്തിൽ മുങ്ങി പോവുകയായിരുന്നു. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ വർഷം ആഗസ്റ്റിൽ കരിയാത്തുംപാറയിൽ തന്നെ വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ലാത്ത മേഖലയിൽ കോട്ടയം സ്വദേശിയായ യുവാവ് മുങ്ങി മരിച്ചിരുന്നു. ഈ വർഷം ജൂലൈയിൽ കക്കയം പുഴയിലും ഒഴുക്കിൽ പെട്ട് കിനാലൂർ സ്വദേശിയായ യുവാവിന്റെ ജീവൻ നഷ്ടമായിരുന്നു.
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കക്കയവും, കരിയാത്തുംപാറയും പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ പ്രദേശങ്ങളാണ്. പ്രകൃതി ഒളിപ്പിച്ചു വെച്ച സൗന്ദര്യം പോലെ തന്നെയാണ് ഇവിടെ പതിയിരിക്കുന്ന അപകടങ്ങളും. ജലാശയങ്ങളെ കുറിച്ച് അറിയാവുന്ന പ്രദേശവാസികളുടെയും, പ്രദേശത്തെ ഗൈഡുമാരുടെയും വാക്കുകൾ മുഖവിലക്കെടുക്കാൻ സഞ്ചാരികൾ വിമുഖത കാണിക്കുന്നതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്.

അവധിക്കാലത്ത് സന്ദർശനത്തിനെത്തുന്നവരാണ് മുങ്ങിമരിക്കുന്നതിലേറെയും. സ്ഥലപരിചയമില്ലാതെ അമിത ആത്മവിശ്വാസത്തോടെ വെള്ളത്തിലിറങ്ങി അപകടത്തിൽപെടും. അതിസാഹസികത കാട്ടാനുള്ള ശ്രമങ്ങളും അപകടത്തിലാക്കും. നന്നായി നീന്തൽ അറിയാമെന്ന ആത്മവിശ്വാസത്തിൽ ഇറങ്ങുന്നത് അടിയൊഴുക്കേറിയ കയങ്ങളിലായിരിക്കും. മുങ്ങിമരണങ്ങളിലേറെയും സംഭവിക്കുന്നത് ഇങ്ങനെയാണ്.
ചുഴി, അടിയൊഴുക്ക്, പാറക്കെട്ടുകളിലെ വഴുക്കൽ, മുങ്ങാങ്കുഴിയിടുന്നവരെ കുടുക്കുന്ന കരിങ്കൽ ചീളുകൾ, കുഴികൾ എന്നിങ്ങനെ പലവിധത്തിൽ പുഴകൾ അപകടക്കെണിയാകാം. ഇവയെക്കുറിച്ചു ധാരണയില്ലാത്തിടത്ത് ഇറങ്ങരുത്. പുഴയെ കുറിച്ചും കാലാവസ്ഥയെ കുറിച്ചും അറിയാവുന്ന പ്രദേശവാസികളുടെയും, ഗൈഡുമാരുടെയും വാക്കുകൾ മുഖവിലക്കെടുക്കാൻ സഞ്ചാരികൾ തയ്യാറായാൽ തന്നെ അപകട സാധ്യത കുറയും.
മുന്നറിയിപ്പില്ലാതെയെത്തുന്ന മലവെള്ളപ്പാച്ചിലും മലയോര മേഖലയിൽ പതിവാണ്. വനമേഖലയോട് ചേർന്ന് കിടക്കുന്ന മേഖലകളായതിനാൽ മഴക്കാലത്ത് അപ്രതീക്ഷതമായാണ് മലവെള്ളപ്പാച്ചിൽ ഉണ്ടാവാറുള്ളത്. മുകൾ ഭാഗങ്ങളിലെ വനമേഖലയിൽ ശക്തമായ മഴ പെയ്യുമ്പോൾ വളരെ പെട്ടെന്നാണ് പുഴകളിലേക്ക് മലവെള്ളം കുത്തിയൊലിച്ചെത്തുന്നത്.

സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്നായി നൂറു കണക്കിന് വിനോദസഞ്ചാരികളാണ് ദിവസേന കക്കയം, കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കെത്തുന്നത്. കരിയാത്തുംപാറ, കക്കയം ഡാം സൈറ്റ് മേഖലകളിൽ ഗൈഡുമാരുടെ സാന്നിധ്യമുണ്ട്. എന്നാൽ ഗൈഡുമാരുടെയോ അധികൃതരുടെയോ സാന്നിധ്യമില്ലാത്ത കക്കയം പഞ്ചവടി, കരിയാത്തുംപാറ പാപ്പൻചാടി കയം തുടങ്ങിയ മേഖലകളിലേക്കും സഞ്ചാരികൾ കടന്ന് ചെല്ലുകയാണ്. പാറകളും, തെളിഞ്ഞ തണുത്ത വെള്ളവും കണ്ട് പുഴയിലിറങ്ങുന്നവർ ആഴം കൂടിയ കയങ്ങളിലും, ചുഴികളിലും പെട്ട് മരണത്തിലേക്ക് നീങ്ങി പോവുകയാണ്. പലപ്പോഴും ശബ്ദം കേട്ടെത്തുന്ന പ്രദേശവാസികൾ രക്ഷക്കെത്തുന്നതാണ് അപകടങ്ങൾ ഒഴിവാകുന്നത്. അപായമില്ലാതെ കുളിക്കാൻ പറ്റിയ സ്ഥലം എവിടെയാണെന്ന് അറിയാതെയാണ് പലരും പുഴയിലേക്കിറങ്ങുക. പഞ്ചായത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ചില മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും വകവെക്കാറില്ല. പലപ്പോഴും വിനോദസഞ്ചാരികളും പ്രദേശവാസികളും തമ്മിലുള്ള തർക്കത്തിനും ഇത് കാരണമാകാറുണ്ട്.
‘സുരക്ഷ സംവിധാനം ശക്തമാക്കണം’
കക്കയം, കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ കയങ്ങളെയും, അപകട സാധ്യതകളെയും കുറിച്ച് വിനോദ സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകാൻ സംവിധാനം വേണം. ടൂറിസം മാനേജ്മെന്റ് കമ്മിറ്റി ഇടപ്പെട്ട് സ്ഥലത്തെ കുറിച്ച് ധാരണയുള്ള പ്രദേശവാസികളെ ഗാർഡുമാരായി നിയമിച്ച് സുരക്ഷയൊരുക്കണം. –
ടെനോജ് തോമസ്, കരിയാത്തുംപാറ
(പ്രദേശവാസി)







