മലബാർ മിൽമയുടെ സഹോദര സ്ഥാപനമായ മലബാർ റൂറൽ ഡവലപ്പ്മെന്റ്റ് ഫൗണ്ടേഷൻ (എംആർഡിഎഫ് ) ക്ഷീര കർഷകർക്ക് ഗോതമ്പ് തവിട്, ചോളപ്പൊടി എന്നിവയ്ക്ക് സബ്സിഡി പ്രഖ്യാപിച്ചു. ആനന്ദ് മാതൃക ക്ഷീര സംഘങ്ങൾ മുഖേന ക്ഷീര കർഷകർ വാങ്ങുന്ന ഗോതമ്പ് തവിട്, ചോളപ്പൊടി എന്നിവയ്ക്ക് ജനുവരി ഒന്നു മുതൽ രണ്ടു മാസക്കാലത്തേക്ക് കിലോഗ്രാമിന് ഒരു രൂപ നിരക്കിലാണ് സബ്‌സിഡി ലഭിക്കുക. എംഎസ്.ആർഎഫ് ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
വിവിധ കർഷക ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതിനു വേണ്ടി മിൽമ മലബാർ മേഖലാ യൂണിയൻ ഇന്ത്യൻ ട്രസ്റ്റ് ആക്ട് പ്രകാരം രൂപീകരിച്ചിട്ടുള്ള സ്ഥാപനമാണ് മലബാർ റൂറൽ ഡെവലപ്പ്മെന്റ്റ് ഫൗണ്ടേഷൻ. സബ്സിഡിക്കു പുറമെ ഡയാലിസിസിനു വിധേയരാവുന്ന 53 ക്ഷീര കർഷകർക്ക് നിലവിൽ പ്രതിമാസം നൽകിവരുന്ന 1000 രൂപ ചികിത്സാ സഹായം തുടരാനും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കാതെ മരണപ്പെട്ട 11 പശുക്കളുടെ ഉടമസ്ഥർക്ക് എംആർഡിഎഫ് ചാരിറ്റി ഫണ്ടിൽ നിന്ന് പ്രത്യേക സഹായധനം അനുവദിക്കാനും തീരുമാനിച്ചു.







