മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ നീട്ടി. ഒന്നാം ഘട്ട പദ്ധതി ഒരു മാസം കൂടി നീട്ടുന്നതിനുള്ള പ്രീമിയം തുകയായ 61.14 കോടി രൂപ സർക്കാർ അനുവദിച്ചതായും മന്ത്രി പറഞ്ഞു. മെഡിസെപ് രണ്ടാം ഘട്ട പദ്ധതി ജനുവരി ഒന്ന് മുതൽ തുടങ്ങുമെന്നാണ് സർക്കാർ നേരത്തെ അറിയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് ഇറക്കുകയും ചെയ്‌തിരുന്നു.
രണ്ടാം ഘട്ട പദ്ധതിയുടെ സാങ്കേതിക നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഒന്നാം ഘട്ട പദ്ധതി ഒരു മാസം കൂടി നീട്ടിയത്. അതിനാൽ രണ്ടാം ഘട്ട പദ്ധതിയിലെ പുതുക്കിയ പ്രീമിയം തുക ജനുവരിയിൽ വിതരണം ചെയ്യുന്ന ശമ്പളത്തിൽ നിന്ന് പിടിക്കേണ്ടതില്ലെന്ന് ഡിഡിഒമാർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ പ്രീമിയം പിടിക്കപ്പെട്ടാൽ അത് പിന്നീടുള്ള പ്രീമിയം ഗഡുക്കളിൽ നിന്ന് കുറച്ചു നൽകണമെന്നും നിർദേശിച്ചാണ് ധനകാര്യ വകുപ്പ് ഉത്തരവിറക്കിയത്.







