പാലക്കാട് വാളയാറിൽ അതിഥി തൊഴിലാളിയായ ഛത്തീസ്‌ഗഡ് സ്വദേശി രാംനാരായണനെ പ്രതികൾ വിചാരണ ചെയ്ത് മർദിക്കുന്ന ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. രാംനാരായണൻ കൊല്ലപ്പെട്ടതിനു പിന്നാലെ ദൃശ്യങ്ങളും മൊബൈൽ ഫോണും നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ചു കൂടുതൽ പേരെ പ്രതിചേർക്കും.
അതേസമയം മർദനത്തിൽ നേരിട്ട് പങ്കെടുത്ത കൂടുതൽ പേരെ പ്രത്യേക അന്വേഷണ സംഘം ഇന്ന് പിടികൂടിയേക്കും. പലയിടങ്ങളിലായി ഒളിവിൽ കഴിയുന്ന 7 പേർക്കായി പൊലീസ് സംഘം നീക്കം ശക്തമാക്കി. കേസിൽ നേരത്തെ 8 പേർ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ 17ന് വൈകിട്ട് ആറിനാണ് കിഴക്കേ അട്ടപ്പള്ളത്ത് മോഷ്ടാവെന്ന് സംശയിച്ച് ഛത്തീസ്ഗഡ് സ്വദേശി രാമനാരായണൻ ഭയ്യാറി (31)നെ സംഘം ചേർന്ന് ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന ഭയ്യാർ രക്തം ഛർദ്ദിച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. പിന്നീട് നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.







