കഴക്കൂട്ടത്ത് നാലു വയസ്സുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മയുടെ സുഹൃത്ത് തൻബീർ ആലത്തിൻ്റെ അറസ്റ്റ് കഴക്കൂട്ടം പൊലീസ് രേഖപ്പെടുത്തി. കസ്റ്റഡിയിലുള്ള കുട്ടിയുടെ അമ്മയുടെ സുഹൃത്ത് മഹാരാഷ്ട്ര സ്വദേശിയായ തൻബീർ ആലം കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കൊലപാതകത്തെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
കുട്ടിയുടെ അമ്മയുമായുള്ള തർക്കത്തിനൊടുവിൽ തൻബീർ ആലം മുറിയിലുണ്ടായിരുന്ന ടൗവൽ ഉപയോഗിച്ച് കുട്ടിയുടെ കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത്. ടൗവൽ മുറുക്കിയപ്പോൾ കുട്ടിയുടെ കഴുത്തിലെ എല്ല് പൊട്ടിയാണ് മരണമെന്ന് പോസ്റ്റുമോർട്ടത്തിൽ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.
അബോധാവസ്ഥയിലുള്ള കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാനായി മാതാവ് മുന്നി ബീഗം ഓട്ടോ വിളിച്ച് ഇറങ്ങിയെങ്കിലും തൻബീർ ആലം ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ല. തുടർന്ന് ലോഡ്ജിന് താഴെയുള്ള കടക്കാരാണ് ബഹളം ഉണ്ടാക്കി ഇയാളെയും കൂടി നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.







