യാത്രക്കാരെ ആകർഷിക്കാനും സ്വകാര്യ ബസുകളിലെ നിരക്ക് വർധനവിനോട് മത്സരിക്കാനും കെഎസ്ആർടിസി ദീർഘദൂര റൂട്ടുകളിൽ തിരക്കിനനുസരിച്ച് നിരക്ക് കൂടുകയും കുറയുകയും ചെയ്യുന്ന ‘ഡൈനാമിക് റിയൽ ടൈം ഫ്ലെക്സി ഫെയർ’ പരിഷ്കാരം നടപ്പിലാക്കുന്നു.
മുമ്പ് നിശ്ചിത ദിവസങ്ങളിൽ മാത്രം നിരക്ക് വർധിപ്പിച്ചിരുന്ന രീതിക്ക് പകരം, ഏത് ദിവസമായാലും ബുക്കിങ് കൂടുന്നതിനനുസരിച്ച് നിരക്ക് വർധിക്കും. ബസുകളിൽ ബുക്കിങ് കുറവാണെങ്കിൽ ടിക്കറ്റ് നിരക്കിൽ വലിയ കുറവ് വരുത്തും. ഇത് യാത്രക്കാരെ അവസാന നിമിഷം കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാൻ സഹായിക്കും.
ഓരോ ബസിലെയും ബുക്കിങ് നില നിരീക്ഷിച്ച ശേഷമായിരിക്കും നിരക്ക് നിശ്ചയിക്കുക. ക്രിസ്മസ് കാലത്ത് ഈ സംവിധാനം പരീക്ഷിച്ച് കെഎസ്ആർടിസി വിജയം കണ്ടിരുന്നു. ബംഗളൂരു റൂട്ടിലെ വോൾവോ സ്ലീപ്പറിൽ 2300 രൂപ നിശ്ചയിച്ചിരുന്ന ടിക്കറ്റ്, ബുക്കിങ് കുറഞ്ഞതിനെത്തുടർന്ന് അവസാന നിമിഷം 1400 രൂപയായി കുറച്ചിരുന്നു. ഇതോടെ 10 യാത്രക്കാർ മാത്രമുണ്ടായിരുന്ന ബസിൽ 39 പേർ യാത്രക്കാരായി എത്തി.







