ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശി ഡി. മണി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. അഭിഭാഷകർക്കും സഹായി ബാലമുരുകനുമൊപ്പമാണ് ഇയാൾ തിരുവനന്തപുരത്തെത്തിയത്. എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യൽ നടത്തുന്നത്.
ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ ഡി. മണി വാങ്ങിയതായി ഒരു വിദേശ വ്യവസായി മൊഴി നൽകിയിരുന്നു. ഇത് കേസിൽ നിർണ്ണായക വഴിത്തിരിവായി. പിടിക്കപ്പെടാതിരിക്കാൻ മറ്റുള്ളവരുടെ പേരിലുള്ള മൂന്ന് സിം കാർഡുകളാണ് മണി ഉപയോഗിച്ചിരുന്നത്. ഡിണ്ടിഗൽ മേഖലയിൽ ഇയാൾക്ക് ശക്തമായ രാഷ്ട്രീയ-ഭരണ സ്വാധീനമുണ്ടെന്നും അതിനാൽ ‘പ്രത്യേക സംരക്ഷണം’ ലഭിച്ചിരുന്നുവെന്നും എസ്ഐടി കണ്ടെത്തി.
എം. സുബ്രഹ്മണ്യം എന്നാണ് യഥാർത്ഥ പേരെങ്കിലും, ഡയമണ്ട് മണി എന്നതിന്റെ ചുരുക്കരൂപമായ ‘ഡി. മണി’, ‘എം.എസ്. മണി’ എന്നീ പേരുകളിലാണ് ഇയാൾ അറിയപ്പെടുന്നത്. കേസിലെ മറ്റൊരു പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ തനിക്ക് അറിയില്ലെന്നാണ് മണിയുടെ പ്രാഥമിക പ്രതികരണം. തന്റെ വീട്ടിൽ നടത്തിയ പരിശോധനയ്ക്കും അന്വേഷണത്തിനും പിന്നാലെ, തന്നെ വേട്ടയാടുകയാണെങ്കിൽ ജീവനൊടുക്കുമെന്ന് ഇയാൾ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.







