പള്ളിക്കര, കിഴൂര്‍, നന്തി റോഡില്‍ അണ്ടര്‍ പാസ് നിര്‍മ്മാണം പുരോഗമിക്കുന്നു. ഏഴു മീറ്റര്‍ വീതിയിലും നാലര മീറ്റര്‍ ഉയരത്തിലുമാണ് അടിപ്പാത നിര്‍മ്മിക്കുന്നത്. ഇവിടെ ആദ്യം അണ്ടര്‍പാസ് പദ്ധതി ഉണ്ടായിരുന്നില്ല. ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവിടെ അണ്ടര്‍പാസ് അനുവദിച്ചത്. കീഴൂര്‍ പള്ളിക്കര ചിങ്ങപുരം, പുറക്കാട് വഴി നൂറ് കണക്കിന് വാഹനങ്ങള്‍ നന്തിയിലെത്തുന്നത് ഈ റോഡിലൂടെയാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഈ റോഡ് അടച്ചാല്‍ വലിയ പ്രയാസം അനുഭവിക്കേണ്ടി വരുമായിരുന്നു. രണ്ടു മാസത്തിനുളളില്‍ അണ്ടര്‍പാസ് നിര്‍മ്മാണം പൂര്‍ത്തിയാകും. അതിന് ശേഷം ഇരുവശത്തും ആറ് വരിയില്‍ റോഡ് നിര്‍മ്മിക്കണം.

കൊയിലാണ്ടി നഗരത്തിലെ ഗതാഗത കുരുക്ക് കണക്കിലെടുത്ത് ഭാരം കയറ്റിയ വലിയ ലോറികളും ടൂറിസ്റ്റ് ബസ്സുകളുമടക്കം നന്തിയില്‍ നിന്ന് തിരിഞ്ഞു പുതുതായി നിര്‍മ്മിച്ച ബൈപ്പാസ് റോഡിലൂടെ കോഴിക്കോട് ഭാഗത്തേക്കും തിരിച്ചും പോകുന്നുണ്ട്. എന്നാല്‍ റോഡ് നിര്‍മ്മാണ കമ്പനിയായ വഗാഡിന്റെ പ്ലാന്റ് സ്ഥിതി ചെയ്യുന്നിടത്ത് റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ നന്തി സ്വകാര്യ ആശുപത്രിയുടെ പിന്‍വശമുളള ചെറുപാതയിലൂടെയാണ് വാഹനങ്ങള്‍ ബൈപ്പാസ് റോഡിലേക്ക് എത്തുന്നത്. ഈ റോഡ് അടിയന്തിരമായി വികസിപ്പിക്കണം. ഒരു വരിയില്‍ പോകാനുളള സൗകര്യമേ ഇപ്പോള്‍ ഈ ഭാഗത്തെ റോഡിനുള്ളു. നന്തി മുതല്‍ ചെങ്ങോട്ടുകാവ് വരെ പുതിയ ബൈപ്പാസ് പാതയിലൂടെ സഞ്ചരിക്കാം. കൊല്ലം കുന്ന്യോറമലയ്ക്കും പന്തലായനിയ്ക്കും ഇടയിലുളള സ്ഥലത്താണ് ഇപ്പോള്‍ കാര്യമായ റോഡ് പണി നടക്കുന്നത്.







