കോഴിക്കോട്: ദേശീയപാത 66ല്‍ വെങ്ങളം–രാമനാട്ടുകര റീച്ചില്‍ പുതുവര്‍ഷപ്പിറവിയോടെ ടോള്‍പിരിവ് ആരംഭിക്കും. ടോള്‍ നിരക്കിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നല്‍കിയതിനെ തുടര്‍ന്ന്, 31ന് അര്‍ധരാത്രി 12ന് ശേഷം ടോള്‍ പിരിവ് തുടങ്ങാന്‍ ദേശീയപാത അതോറിറ്റി തീരുമാനിച്ചു.
ടോള്‍ നിരക്ക് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം രണ്ടുദിവസത്തിനകം പുറത്തിറക്കും. പന്തീരാങ്കാവിലെ ടോള്‍ പ്ലാസയില്‍ ട്രയല്‍ റണ്‍ ഇന്നോ നാളെയോ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ടോള്‍ പ്ലാസയ്ക്ക് ‘ഒളവണ്ണ ടോള്‍ പ്ലാസ’ എന്നാണ് പുതുതായി പേര് നല്‍കിയിരിക്കുന്നത്.
കാര്‍, ജീപ്പ്, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, വാന്‍ എന്നിവയ്ക്ക് ഒരുവശത്തേക്ക് 90 രൂപയും ഇരുവശത്തേക്ക് 135 രൂപയുമാണ് ടോള്‍ നിരക്ക്. ലൈറ്റ് കമേഴ്‌സ്യല്‍ വാഹനങ്ങള്‍, ലൈറ്റ് ഗുഡ്‌സ് വാഹനങ്ങള്‍, മിനി ബസ് എന്നിവയ്ക്ക് ഒരുവശത്തേക്ക് 145 രൂപയും ഇരുവശത്തേക്ക് 215 രൂപയുമാണ് ഈടാക്കുക. ബസുകള്‍ക്ക് ഒരുവശത്തേക്ക് 300 രൂപയും ഇരുവശത്തേക്ക് 455 രൂപയുമാണ് ടോള്‍ നിരക്ക്.







