ദക്ഷിണേന്ത്യയുടെ വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിൽ ശൈത്യം കടുക്കുന്നു. വെള്ളിയാഴ്ച കുറഞ്ഞ താപനില മൈനസ് 2.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതോടെ നീലഗിരി കനത്ത മഞ്ഞിൽ പുതഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ പുൽമേടുകളും വാഹനങ്ങളും വെളുത്ത മഞ്ഞുപാളികളാൽ മൂടിക്കിടക്കുന്ന കാഴ്ചയാണ് അതിരാവിലെ കാണാൻ സാധിക്കുന്നത്.
മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സഞ്ചാരികളുടെ വൻ തിരക്കാണ് ഊട്ടിയിലെ തലകുന്ത ഭാഗത്ത് അനുഭവപ്പെടുന്നത്. എന്നാൽ, അപകടസാധ്യത കണക്കിലെടുത്ത് വനംവകുപ്പ് ഇവിടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചതുപ്പുസ്ഥലങ്ങളിലേക്കും അണക്കെട്ടിന്റെ ക്യാച്ച്മെന്റ് ഏരിയകളിലേക്കും സഞ്ചാരികൾ പ്രവേശിക്കുന്നത് വിലക്കി. വന്യമൃഗങ്ങളുടെ സാന്നിധ്യവും മഞ്ഞുകാലത്തെ അപകടങ്ങളും മുന്നിൽക്കണ്ടാണ് ഈ നടപടി. നിയന്ത്രണം ലംഘിച്ച് ഡ്രോൺ പറത്തിയതിനും അതിക്രമിച്ചു കയറിയതിനും പലർക്കുമെതിരെ പിഴയടക്കമുള്ള നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.







