എസ്.ഐ.ആർ (SIR) കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട അർഹരായ വോട്ടർമാരെ തിരിച്ചുചേർക്കുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രത്യേക ഹെൽപ് ഡെസ്കുകൾ ആരംഭിക്കാൻ സർക്കാർ ഉത്തരവിട്ടു. ഓരോ ഹെൽപ് ഡെസ്കിലും രണ്ട് ഉദ്യോഗസ്ഥരെ വീതം ചുമതലപ്പെടുത്തും.
മലയോര–തീര മേഖലകളിലും കോളനികളിലും നേരിട്ടെത്തി ബോധവത്കരണം നടത്തുന്നതിനായി അംഗനവാടി പ്രവർത്തകർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെയും നിയോഗിക്കും. കരട് പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 23 ആണ്. ആവശ്യമായ തിരുത്തലുകൾ വരുത്തിയ ശേഷം ഫെബ്രുവരി 21-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഇതിന് ശേഷമേ കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകൂ.







