വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറുമാതൂർ ഉന്നതിയിലെ ചാന്ദിനി (65) ആണ് മരിച്ചത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വനത്തിനുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പനവല്ലി-അപ്പപ്പാറ റോഡിന് സമീപം വനത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കാട്ടാനയുടെ കാൽപ്പാടുകൾ ശ്രദ്ധയിൽപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ മുഖത്ത് ആഴത്തിലുള്ള മുറിവുകളുണ്ട്.







