2025 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നും നാളെയും ജില്ലയിൽ നടക്കും.
ഇന്ന് (ഡിസംബർ 26) കോഴിക്കോട് ജില്ലയിലെ മുനിസിപ്പൽ കൗൺസിലുകളിലും കോർപ്പറേഷനുകളിലും ചെയർപേഴ്സൺ, മേയർ തിരഞ്ഞെടുപ്പ് രാവിലെ 10.30ന് ആരംഭിക്കും. ഡെപ്യൂട്ടി ചെയർപേഴ്സൺ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം 2.30ന് നടക്കും. നാളെ (ഡിസംബർ 27) ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലെ 10.30നും, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം 2.30നും നടത്തും.
കോഴിക്കോട് ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലുമുള്ള തിരഞ്ഞെടുപ്പുകൾക്ക് ജില്ലാ കലക്ടറാണ് വരണാധികാരി. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും അതത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ് തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്. മുനിസിപ്പാലിറ്റികളിൽ പ്രത്യേകമായി നിയോഗിച്ച വരണാധികാരികൾ ചുമതല നിർവഹിക്കും.
ജില്ലാ പഞ്ചായത്ത്, പയ്യോളി, കൊടുവള്ളി, മുക്കം നഗരസഭകൾ എന്നിവയിൽ അധ്യക്ഷ സ്ഥാനം സ്ത്രീ സംവരണമാണ്. ഫറോക്ക് നഗരസഭയിൽ
പട്ടിക ജാതി സ്ത്രീയും കൊയിലാണ്ടിയിൽ പട്ടിക ജാതി സംവരണവും ആണ്. മേലടി, പേരാമ്പ്ര, പന്തലായനി, ചേളന്നൂര്‍, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകളിൽ സ്ത്രീ സംവരണവും കൊടുവള്ളി ബ്ലോക്കിൽ പട്ടിക ജാതി സ്ത്രീ സംവരണവും ആണ്. 70 ഗ്രാമ പഞ്ചായത്തുകളിൽ 32 എണ്ണത്തിൽ സ്ത്രീ സംവരണവും മൂന്ന് എണ്ണം വീതം പട്ടിക ജാതി സ്ത്രീ സംവരണവും പട്ടികജാതി സംവരണവും ആണ്. നന്മണ്ട ഗ്രാമ പഞ്ചായത്തിൽ പട്ടിക വർഗത്തിനായാണ് അധ്യക്ഷ സ്‌ഥാനം സംവരണം ചെയ്തിരിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒരാൾ സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുകയും മറ്റൊരാൾ പിന്താങ്ങുകയും വേണം. ഒരാൾ മാത്രം മത്സരിക്കുന്ന സാഹചര്യത്തിൽ വോട്ടെടുപ്പ് ഒഴിവാക്കി തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. ഒന്നിലധികം സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ ഓപ്പൺ ബാലറ്റ് മുഖേന വോട്ടെടുപ്പ് നടത്തും.
തിരഞ്ഞെടുപ്പ് യോഗത്തിന് അംഗങ്ങളുടെ പകുതിയെങ്കിലും ക്വാറം ആവശ്യമാണ്. ക്വാറം തികയാത്ത പക്ഷം യോഗം അടുത്ത പ്രവൃത്തി ദിവസത്തേക്ക് മാറ്റും. സമനില വോട്ട് ലഭിച്ചാൽ നറുക്കെടുപ്പിലൂടെയാണ് വിജയിയെ തീരുമാനിക്കുക.
വോട്ടെടുപ്പ് പൂർത്തിയായ ശേഷം വരണാധികാരിയുടെ നേതൃത്വത്തിൽ വോട്ടുകൾ എണ്ണി ഫലം പ്രഖ്യാപിക്കും.
ഫലപ്രഖ്യാപനത്തിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ തിരഞ്ഞെടുക്കപ്പെടുന്ന മേയർ, ചെയർപേഴ്സൺ, പ്രസിഡന്റ് എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി ചുമതലയേൽക്കും.







